Department of Public Education to organize Children's National Climate Conference

ഭൂമിശാസ്ത്രം മുഖ്യവിഷയമായ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി ദേശീയ കാലാവസ്ഥ കോൺഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം. കാലാവസ്ഥ പഠനത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ശ്രദ്ധേയ ചുവടുവെപ്പായി മാറിയ സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ മറ്റൊരു വിജയ പ്രഖ്യാപനാമായിരിക്കും ദേശീയ കാലാവസ്ഥ സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി ജൂൺ മാസം ആദ്യം മുതൽ സാധരണ ആരംഭിക്കുന്ന മൺസൂൺ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ‘ മൺസൂണും കുട്ടിയോളും ‘ എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുകയാണ്. മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം, എന്നിവയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വെതർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് അതാത് ജില്ലകളിലെ ശില്പശാലയിൽ പങ്കെടുക്കുന്നത്. സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിച്ചതിനു ശേഷം കുട്ടികൾ അത് ഉപയോഗിച്ച് നടത്തിവന്ന പഠന പരീക്ഷണ പ്രവർത്തനങ്ങൾ, വിദ്യാലയ പ്രദേശത്തെ ദിനാന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം തുടങ്ങിയവയെല്ലാം ഏകദിന ശില്പശാലയിൽ അവതരിപ്പിക്കും. ഭൗമ ശാസ്ത്രജ്ഞരെയും , കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരെയും ശില്പശാലകളിൽ പങ്കാളികളാക്കും. ശില്പശാലയിൽ അവതരിപ്പിക്കപ്പെടുന്ന കാലാവസ്ഥാ പഠന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, അനുഭവങ്ങൾ തുടങ്ങിയവ ക്രോഡീകരിച്ച് മികച്ചവ സെപ്റ്റംബറിൽ നടക്കുന്ന ദേശീയ അന്തരീക്ഷ കാലാവസ്ഥ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ദേശീയതലത്തിൽ തന്നെ ആദ്യമായി കുട്ടികളുടെ കാലാവസ്ഥ സമ്മേളനം കേരളത്തിൽ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിന് നിർദ്ദേശം നൽകിയത്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് കാലാവസ്ഥ സാക്ഷരത കൈവരിക്കുന്നതിനുള്ള തുടർ ശാസ്ത്ര പ്രവർത്തനമായി കുട്ടികളുടെ കാലാവസ്ഥ സമ്മേളനം മാറ്റുന്നതിനാണ് സമഗ്ര ശിക്ഷാ കേരളം ലക്ഷ്യമിടുന്നത്. ഭൂമി ശാസ്ത്ര വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തകളും ഗവേഷണാത്മ്ക പ്രവർത്തനങ്ങളും വളർത്തുന്നതിന് ഉതകുന്ന രീതിയിലാണ് ശില്പശാലകളും തുടർ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്.
‘ കുട്ടിയോളും മൺസൂണും ‘ എന്നപേരിൽ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലയുടെ സംസ്ഥാനതല ഉദ്‌ഘാടനം സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ ആർ നിർവഹിക്കും. തിരുവനന്തപുരം ,ചേങ്കോട്ടുകോണം മാധവ വിലാസം ഹയർ സെക്കണ്ടറി സ്കൂളിലാണ് ജില്ലാതല ശില്പശാല ആരംഭിക്കുന്നത്. അന്തരീക്ഷ ശാസ്ത്ര പഠനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച കുസാറ്റിലെ അന്തരീക്ഷ പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ.മോഹൻകുമാർ ശിൽപ്പശാല നയിക്കും. ആഗോള താപനം , കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ , എന്നിവയെപ്പറ്റി ആഴത്തിൽ അറിയുന്നതിനും ഇവയെ തരണം ചെയ്യുന്നതിന് കുട്ടികളിൽ സാമൂഹിക ഇടപെടൽ ശേഷി ഉയർത്തുക , സമൂഹത്തെ ബോ ധവൽക്കരിക്കുന്നതിനുള്ള ഇടപെടൽ നടത്തുക, മാനവികമായ കാഴ്ചപ്പാട് രൂപീകരിക്കുക മുതലായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ശില്പശാലയുടെയും കാലാവസ്ഥാ സമ്മേളനത്തിന്റേയും ലക്ഷ്യങ്ങൾ.