കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കും. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കും.

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാൽപതിലേറെ വേദികളിൽ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകൾ, വ്യവസായ മേള, പ്രദർശനങ്ങൾ, മെഗാ കലാപരിപാടികൾ, ഭക്ഷ്യമേള, പുഷ്പമേള, ചലച്ചിത്രമേള, വൈദ്യൂത ദീപാലങ്കാരപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദർശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.