Kerala Savari - India's first government online taxi service

 കേരള സവാരി-ഇന്ത്യയിലെ ആദ്യ സർക്കാർ ഓൺലൈൻ ടാക്സി സർവ്വീസ് 

സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ് കേരള സവാരി, ആഗസ്റ്റ് 17-ന് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തനമാരംഭിയ്‌ക്കും. സംസ്ഥാന തൊഴിൽവകുപ്പും പൊതുമേഖല സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ.) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐ.ടി., പോലീസ് വകുപ്പുകളുടെ സഹകരണം പദ്ധതിയ്ക്ക് ലഭ്യമാകും.

പോലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നേടിയ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഇതിനോടകം പരിശീലനം പൂർത്തിയാക്കി. ഡ്രൈവർമാർക്ക് മാന്യമായ കൂലി ഉറപ്പാക്കുന്നതിനോടൊപ്പം 8% മാത്രം സർവീസ് ചാർജ് ഈടാക്കി സർക്കാർ നിശ്ചയിച്ച തുകയായിരിയ്ക്കും ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക. സർവ്വീസ് ചാർജായി ഈടാക്കുന്ന തുകയുടെ 60% പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻസെന്റീവ്സ്, പ്രമോഷണൽ ഓഫറുകൾ എന്നിവ നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും. സ്വകാര്യ ഓൺലൈൻ ടാക്സി സർവീസുകളെപ്പോലെ തിരക്കിനനുസരിച്ച് കേരള സവാരിയിൽ നിരക്കിന് മാറ്റമുണ്ടാകില്ല.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പ്രാധാന്യം നൽകുന്ന കേരള സവാരി ആപ്പിൽ പാനിക് ബട്ടൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാഹചര്യങ്ങളിൽ തീർത്തും സ്വകാര്യമായി യാത്രക്കാർക്ക് പാനിക് ബട്ടൺ ഉപയോഗിച്ച് പോലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നിവയെ ബന്ധപ്പെടാം. യാത്രക്കാർ പാനിക് ബട്ടൺ ഉപയോഗിയ്ക്കുന്നത് ഡ്രൈവർമാർക്ക് മനസിലാക്കാൻ സാധിയ്ക്കില്ല. വാഹനം എളുപ്പത്തിൽ തിരിച്ചറിയാൻ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിയ്ക്കും. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഘട്ടം ഘട്ടമായി വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജി.പി.എസ്. ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിയ്ക്കായി പ്രത്യേക പാർക്കിംഗ് ഏർപ്പെടുത്തും. പദ്ധതിയിൽ അംഗങ്ങളാകുന്ന മോട്ടോർ തൊഴിലാളികൾക്ക് ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ,ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജൻസി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും.