Schooling for Excellence: Dr. MA Khader submitted the second part of the committee report

മികവിനായുള്ള സ്‌കൂൾവിദ്യാഭ്യാസം: ഡോ. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭാഗം സമർപ്പിച്ചു

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും നീതി ഉറപ്പാക്കുന്നതും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉളവാകുന്നതുമായ ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശം സാർഥകമാകുന്നതിന് സഹായകമാം വിധം പ്രീസ്‌കൂൾതലം മുതൽ ഹയർസെക്കന്ററിതലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 19/10/2017 ന് സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസവകുപ്പ് മൂന്നംഗങ്ങളുള്ള വിദഗ്ധസമിതി രൂപീകരിക്കുകയുണ്ടായി. 03/03/2018ന് വിദഗ്ധസമിതി ചെയർമാനായി ഡോ. എം.എ. ഖാദറിനെ നിയോഗിച്ചു. 03/10/2018ന് സർക്കാർ ഉത്തരവിലൂടെ വിദഗ്ധസമിതിയുടെ പരിഗണനാ വിഷയങ്ങൾ സ്പഷ്ടീകരിച്ചു.

സ്‌കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും ദേശീയ തലത്തിൽ നിന്നും ഭിന്നമായി എൻറോൾ ചെയ്യുന്ന കുട്ടികളിൽ മഹാഭൂരിപക്ഷവും 12 ആം ക്ലാസുവരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ട്. ആയതിനാൽ വിദ്യാഭ്യാസ അവകാശനിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കണമെങ്കിൽ 12 വർഷം വരെയുള്ള സ്‌കൂൾവിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കണമെന്ന നിലപാടാണ് വിദഗ്ധസമിതി ആദ്യം മുതൽ കൈക്കൊണ്ടത്. ആയതിനാൽ 12 ആം ക്ലാസു വരെ ഒരു യൂണിറ്റ് ആയി പരിഗണിച്ചുള്ള അന്വേഷണവും പഠനവുമാണ് സമിതിയുടെ ആദ്യയോഗം മുതൽ നടത്തിയത്.

ഈ അന്വേഷണത്തിന്റെ ഭാഗമായി സമിതി പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിലൂടെ പൊതുസമൂഹത്തിൽ നിന്നും അഭിപ്രായങ്ങൾ തേടുകയുണ്ടായി. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളും അനധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളുമായും ആശയവിനിമയം നടത്തി. ഇതു വഴി ഒട്ടേറെ ക്രിയാത്മക നിർദേശങ്ങളും അഭിപ്രായക്കുറിപ്പുകളും ലഭിച്ചിരുന്നു. രണ്ടാംഭാഗം റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രസ്തുത കുറിപ്പുകൾ സഹായകമായിട്ടുണ്ട്.

ഒന്നാംഭാഗം റിപ്പോർട്ടിൽ ഘടന സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും പ്രതിപാദിച്ചിരുന്നത്. എന്നാൽ രണ്ടാംഭാഗം റിപ്പോർട്ടിൽ അക്കാദമിക കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചിട്ടുള്ളത്.

കമ്പോളയുക്തി എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസത്തിനും ഗുണതാ വിദ്യാഭ്യാസത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ കുട്ടികളെയും ഉൾചേർത്തു കൊണ്ടുള്ള നീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള ശ്രമം കേരളത്തിൽ നടക്കുന്നത്. പ്രസ്തുത ശ്രമം കൂടുതൽ അർഥപൂർണമാക്കുന്നതിന് വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ സഹായകമാകും എന്ന് കരുതുന്നു.

സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ സ്‌കൂൾ പ്രാപ്യത, പഠനത്തുടർച്ച എന്നിവ ഏതാണ്ട് അഭിമുഖീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി നീതിയും തുല്യതയും ഗുണതയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച അന്വേഷണങ്ങളാണ് പ്രധാനമായും വിദഗ്ധസമിതി നടത്തിയത്. ഘടന സംബന്ധിച്ച കാര്യങ്ങൾ സമിതിയുടെ മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം എന്ന ഒന്നാം ഭാഗം റിപ്പോർട്ടിൽ പരിഗണിച്ചിരുന്നു. അക്കാദമിക കാര്യങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് രണ്ടാം ഭാഗം റിപ്പോർട്ടിലുള്ളത്. ഒന്നും രണ്ടും ഭാഗം റിപ്പോർട്ട് ഒരുമിച്ച് ചേർന്നാൽ വിദഗ്ധസമിതിയുടെ പൂർണ റിപ്പോർട്ടായി.

പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്നത്. അത് തുടരണം. എന്നാൽ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് നാം മുന്നേറണം. ദേശീയാടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ സാർവത്രികമായി പരിഗണിക്കുന്നതിന് ഇപ്പോൾ പരിമിതിയുണ്ട്. കാരണം ദേശീയാടിസ്ഥാനത്തിൽ മുൻഗണന സ്‌കൂൾ പ്രാപ്യതയ്ക്കും പഠനത്തുടർച്ചയ്ക്കും തന്നെയാണ്. അങ്ങിനെ കഴിവുകൾക്കനുഗുണമായ വിവാഭ്യാസം നടപ്പാക്കണമെങ്കിൽ വിപുലമായ തയ്യാറെടുപ്പുകൾ അനിവാര്യമാണ്.

അതുപോലെ പ്രധാനമാണ് തൊഴിൽവിദ്യാഭ്യാസം സംബന്ധിച്ച നിലപാടുകളും അവ പ്രായോഗികമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും. കുട്ടികൾ നടത്തുന്ന പഠനത്തോടൊപ്പം അവയുമായി ഉദ്ഗ്രഥിച്ചാകണം തൊഴിൽവിദ്യാഭ്യാസത്തെ പരിഗണിക്കേണ്ടത് എന്ന് സമിതി കരുതുന്നു. എങ്കിലെ ഓരോ പ്രായഘട്ടത്തിനുസരിച്ച് തൊഴിലിനെ സമീപിക്കാനും നൈപുണി വികാസത്തോടൊപ്പം തൊഴിലിനോടുള്ള മനോഭാവ വികാസവും സാധിതമാകുകയുള്ളൂ എന്ന നിഗമനത്തിലേക്കാണ് വിദഗ്ധസമിതി എത്തിച്ചേർത്തിരിക്കുന്നത്. നാം സ്‌കൂൾ വിദ്യാഭ്യാസ കാര്യത്തിൽ പൊതുവേ മെച്ചമാണെന്ന് പറയാമെങ്കിലും ഈ രംഗത്ത് എക്‌സലൻസ് ആകണം ലക്ഷ്യമിടേണ്ടത്. അതിന് സഹായകമാകും വിധം സ്‌കൂളിനെക്കുറിച്ചും വിവിധഘട്ടങ്ങളിലെ പഠന സമീപനങ്ങളെക്കുറിച്ചും ബോധനമാധ്യമത്തെക്കുറിച്ചും വിവിധ വിഷയങ്ങളുടെ സമീപനമെന്തെന്നതിനെക്കുറിച്ചും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, മൂല്യവിദ്യാഭ്യാസം, മെന്ററിംഗ്, വിലയിരുത്തൽ, ഗ്രേസ് മാർക്ക്, തസ്തികാനിർണ്ണയം, അധ്യാപക നിയമനം, പഠനദിനങ്ങൾ, പഠനസമയം, പാഠപുസ്തകങ്ങൾ, മേളകൾ തുടങ്ങി ഗുണമേന്മാ വിദ്യാഭ്യാസം വികസിക്കുന്ന ഘട്ടത്തിൽ പരിഗണിക്കണം എന്ന് സമിതി കരുതുന്ന വിവിധ മേഖലകളെ ആഴത്തിൽ വിശകലനം ചെയ്ത് നിർദേശങ്ങൾ രൂപീകരിക്കാൻ ഈ റിപ്പോർട്ടിലൂടെ വിദഗ്ധസമിതി ശ്രമിച്ചിട്ടുണ്ട്.

കോവിഡാനന്തര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സൂചനകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.. ഇതൊക്കെ ചെയ്യുമ്പോഴും ദേശീയ വിദ്യാഭ്യാസനയം 2020 ഒരു യാഥാർഥ്യമാണ്. ഇക്കാര്യവും സമിതി അഭിമുഖീകരിച്ചിട്ടുണ്ട്. നവകേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കപ്പനങ്ങളാണ് റിപ്പോർട്ടിന്റെ അവസാനഭാഗത്തുള്ളത്.

ചെയർമാൻ പ്രൊഫ (ഡോ.) എം.എ. ഖാദറിനെ കൂടാതെ നിയമവകുപ്പിൽ നിന്നും സ്‌പെഷ്യൽ സെക്രട്ടറിയായി വിരമിച്ച ശ്രീ. ജി. ജ്യോതിചൂഢൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരങ്ങിയ വിദഗ്ധസമിതി അംഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പ്രധാന കാര്യങ്ങൾ

· നീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം.

· പ്രായത്തിനനുഗുണമായ വിദ്യഭ്യാസത്തോടൊപ്പം കഴിവിന് അനുഗുണമായ വിദ്യാഭ്യാസം ഉറപ്പാക്കണം.

· എല്ലാ കുട്ടികളും പഠിക്കുകയും വളരുകയും ചെയ്യും എന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അവസര തുല്യത ഉറപ്പാക്കണം.

· വിദ്യാഭ്യാസത്തിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കുക എന്നതാണ് പ്രധാനം. അധ്യാപക പരിശീലനങ്ങൾ അത് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ലഭിക്കുന്ന പരിശീലനങ്ങൾ ആയാലും ജോലിയിൽ പ്രവേശിച്ച ശേഷം ഉള്ള പരിശീലനം ആയാലും സമഗ്ര മാറ്റത്തിന് വിധേയമാകണം.

· അറിവിന് ഏറെ പ്രാധാന്യമുള്ള ലോകക്രമം, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ അധ്യാപകരെ സജ്ജമാക്കേണ്ടതുണ്ട്. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യത,അധ്യാപകരാകാൻ ഉള്ള സ്‌പെഷ്യലൈസേഷൻ കോഴ്‌സുകൾ ഉൾപ്പെടെ, ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്‌സായി മാറണം.

· ജ്ഞാനസമൂഹ സൃഷ്ടിയുടെ ഭാഗമായി കുട്ടികൾ മാറണമെങ്കിൽ കുട്ടികളും അറിവിന്റ സൃഷ്ടാക്കളാകണം. പ്രക്രിയാ ബന്ധിത പഠന രീതിയിൽ മാത്രമേ കുട്ടികളെ അറിവിന്റെ നിർമാതാക്കളാക്കാൻ കഴിയൂ. ഇതിന് കഴിയും വിധം പഠനബോധന പ്രവർത്തനങ്ങളിൽ സമഗ്രമായ മാറ്റം അനിവാര്യമാണ്.

· ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധന പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ അധ്യാപകരെ സജ്ജമാക്കണം.

· ആധുനിക സാങ്കേതിക വിദ്യക്ക് വിധേയമാകുന്ന തലമുറയെ അല്ല വളർത്തിയെടുക്കേണ്ടത് മറിച്ച് ആധുനിക സാങ്കേതികവിദ്യകളെ അവരവരുടെ ചിന്താ പ്രക്രിയയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ തരത്തിൽ പ്രയോജനപ്പെടുത്തുന്ന തലമുറയാണ് വളർന്നു വരേണ്ടത്.

· പഠന സമീപനങ്ങളെയെല്ലാം കാലോചിതമായി പരിവർത്തിപ്പിക്കപ്പെടണം. അങ്ങിനെ ചെയ്യുമ്പോൾ വിദ്യാഭ്യാസപരമായും സാമൂഹികമായും പുരോഗമനപരമായ ചിന്തകളെ ആകണം ഉൾച്ചേർക്കേണ്ടത്.

· തൊഴിലില്ലായ്മ ഏറെയുള്ള കേരളത്തിൽ പല തൊഴിലുകളും ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. ഇക്കാര്യത്തെ അവഗണിച്ചു കൊണ്ട് സ്‌കൂൾ വിദ്യാഭ്യാസത്തിന്ന് മുന്നോട്ടു പോകാൻ കഴിയില്ല.കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്താൻ കഴിയണം. അതനുസരിച്ച് പ്രായത്തിനനുഗുണമായ തൊഴിൽ നൈപുണികളും വികസിപ്പിക്കാൻ കഴിയണം. നാട്ടിലെ മുഴുവൻ അധ്വാന രൂപങ്ങളെയും പണിയിടങ്ങളെയും കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി അനുഭവവേദ്യമാക്കി മാറ്റിക്കൊണ്ട് നല്ലൊരു തൊഴിൽ സംസ്‌ക്കാരവും അതുവഴി തൊഴിൽ ശേഷിയും വളർത്തിയെടുക്കാൻ കഴിയണം.

· സ്‌കൂൾ വിദ്യാഭ്യാസ ഘട്ടം മാതൃഭാഷയിലാകണം. ജ്ഞാന സമൂഹം സാർത്ഥകമാകണമെങ്കിൽ ആർജിത വിവരങ്ങളെ കൂട്ടികളുടെ ജീവിത പരിസരവുമായി ബന്ധിപ്പിച്ച് അറിവാക്കി മാറ്റാനുള്ള കഴിവ് ഉണ്ടാകണം. താൻ ജീവിക്കുന്ന പരിസരത്തെ വിനിമയ ഭാഷ ഇതിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഗുണതാവിഭ്യാഭ്യാസത്തിന്റെ മുന്നുപാധിയാണ് മാതൃഭാഷ അധ്യയന മാധ്യമമാകുക എന്നത്. എന്നാൽ അറിവിന് ഏറെ പ്രാധാന്യമുള്ള ലോകക്രമമാണ് നിലവിലുള്ളത്. വിവരങ്ങൾ ഒഴുകിവരുന്നത് ഇംഗ്ലീഷിലൂടെയാണ്. അതുകൊണ്ട് തന്നെ സ്‌കൂളുകളിലെ ഇംഗ്ലീഷ് പഠനം വളരെയേറെ മെച്ചപ്പെടണം. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാ പഠനവും മെച്ചപ്പെടുത്തണം.

· എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകണമെങ്കിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കൂടി നീതി ലഭ്യമാകണം. പരിമിതിയുള്ള കുട്ടികൾക്ക് കൂടി ഇത് തന്റെ കൂടി വിദ്യാലയമാണ് എന്ന ആത്മവിശ്വാസം ഉണ്ടാക്കുന്ന തരത്തിൽ വിദ്യാലയങ്ങൾ മാറണം. പാർശ്വവത്കൃത സമൂഹത്തിലെ കുട്ടികളുടെ കാര്യത്തിലും ഈ കാര്യം പരമ പ്രധാനമാണ്.

· കോവിഡ് 19 ന് ശേഷം വലിയ തോതിൽ പഠന വിടവ് ഉണ്ടായിട്ടുണ്ടാകാം. ഇതോടൊപ്പം കുട്ടികളുടെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ കാണുന്നു. കുട്ടികളുടെ ആത്മ വിശ്വാസം വളർത്താനും സ്വഭാവ രൂപീകരണത്തിലും നിർണ്ണായകമായ പങ്ക് സ്‌കൂളിനുണ്ട്. അതുകൊണ്ട് തന്നെ മെന്ററിംഗ് പദ്ധതി ശക്തിപ്പെട്ടത്തണം.

· മൂല്യനിർണ്ണയം എന്നത് നിലവിൽ യാന്ത്രിക പരീക്ഷകളാണ്. ഈ രംഗത്ത് മാറ്റം വരുത്താതെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ അസാധ്യമാണ്. അതിനാൽ മൂല്യനിർണ്ണയം എന്നതിൽ നിന്നും വിലയിരുത്തൽ എന്ന സങ്കല്പനത്തിലേക്ക് നാം മാറേണ്ടതുണ്ട്. പരീക്ഷാ പേടിയിൽ നിന്നും കുട്ടികളെ മോചിപ്പിച്ചു കൊണ്ടു മാത്രമേ വിദ്യാഭ്യാസപരിവർത്തനം സാധ്യമാകുകയുള്ളൂ

· ഉയർന്ന തസ്തികയിലേക്കുള്ള നിയമനത്തിൽ കഴിവുകൾ കൂടി പരിഗണിക്കപ്പെടണം. വളരെ സുതാര്യമായ ഒരു സംവിധാനം ഇതിനായി രൂപപ്പെടുത്തണം.

· സ്‌കൂൾ സമയമാറ്റം പരിഗണിക്കണം. സാമൂഹികമായ ചർച്ചകളിലൂടെ ഉണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാകണം ഇത്തരം കാര്യങ്ങൾ നടപ്പാക്കേണ്ടത്.

· അധ്യാപക സംഘടനകൾ ഒരു നിശ്ചിത ശതമാനം അധ്യാപകരെയെങ്കിലും പ്രതിനിധീകരിക്കണം. ഇതിനായി അധ്യാപക റഫറണ്ടം നടത്തണം

· കുട്ടികളുടെ നേതൃശേഷി വികസിപ്പിക്കാൻ സ്‌കൂൾ പാർലമന്റുകളെ പ്രയോജന പ്പെടുത്തണം. മുതിർന്നവർ എല്ലാം തീരുമാനിച്ച് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതി മാറണം.

വിദഗ്ധ സമിതി ചെയർമാൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.