തൊഴിലന്വേഷകർക്ക് വഴികാട്ടാൻ സ്റ്റെപ് അപ് ക്യാമ്പയിൻ
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷൻ അവതരിപ്പിച്ച ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ തൊഴിലന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിൻ ആരംഭിച്ചു. തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിൽ സജ്ജരാക്കുകയും വിജ്ഞാന തൊഴിലവസരം ഒരുക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വോളന്റിയർമാർ വീടുകളിലെത്തി തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കുന്നതിലൂടെ വലിയൊരു വിഭാഗം തൊഴിലന്വേഷകരിലേക്ക് കൂടി മിഷന്റെ പ്രവർത്തനങ്ങളും സേവനങ്ങളും എത്തും. പരിശീലനം ലഭിച്ച അറുപതിനായിരത്തോളം വോളന്റിയർമാർ കേരളത്തിലെ 10 ലക്ഷത്തോളം അഭ്യസ്തവിദ്യരെ നേരിൽ കണ്ട് രജിസ്ട്രേഷന് സഹായിക്കും. യുവജനക്ഷേമബോർഡ് കമ്മ്യൂണിറ്റി ലെവൽ കോ-ഓർഡിനേറ്റർമാരും നോളെജ് മിഷന്റെ കമ്മ്യൂണിറ്റി അംബാസിഡർമാരും പ്രാദേശിക ക്ലബ്ബുകളിലെയും സംഘടനകളിലെയും അംഗങ്ങളുമാണ് വോളന്റിയർമാരായി പ്രവർത്തിക്കുന്നത്. സ്റ്റെപ്പ് അപ് എന്നു പേരിട്ടിരിക്കുന്ന രജിസ്ട്രേഷൻ കാമ്പയിൻ നോളെജ് ഇക്കോണമി മിഷൻ യുവജനക്ഷേമബോർഡും കുടുംബശ്രീയുമായി സഹകരിച്ചാണ് നടത്തുന്നത്.
തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും പരസ്പരം ഒന്നിപ്പിക്കുന്ന ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്യേണ്ടത്. DWMS ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ മൊബൈൽ പതിപ്പായ DWMS കണക്റ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാനും സേവനങ്ങൾ ഉപയോഗപ്പെടുത്താനുമാവും. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോം എന്നതിലുപരി ഉദ്യോഗാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിയുന്നതിനുള്ള കരിയർ സൈക്കോമെട്രിക് ടെസ്റ്റ്, കരിയർ കൗൺസിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, ഇംഗ്ലീഷ് ആശയ വിനിമയ ശേഷി മനസിലാക്കുന്നതിനുള്ള ഇംഗ്ലിഷ് സ്കോർടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ, വർക്ക് റെഡിനസ് ട്രെയിനിങ് പ്രോഗ്രാം, വിവിധ നൈപുണി പരിശീലന കോഴ്സുകൾ ഉൾപ്പെടെ നിരവധി സേവനങ്ങളാണ് ഡി.ഡബ്ല്യു.എം.എസ്. പ്ലാറ്റ്ഫോമിൽ ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.