സ്ത്രീ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യമേഖലയിൽ വിജ്ഞാനതൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിലരങ്ങത്തേക്ക്. നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീ വഴി നടത്തിയ സർവേയിൽ 59 വയസിൽ താഴെയുള്ള 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 58 % സ്ത്രീകളാണ്. അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കുകയെന്നതാണ് തൊഴിലരങ്ങത്തേക്ക് വിഭാവനം ചെയ്യുന്നത്.
കലാലയങ്ങളിലെ അവസാന വർഷ വിദ്യാർഥികൾ, പഠനം പൂർത്തിയാക്കിയ സ്ത്രീകൾ, കരിയർ ബ്രേക്ക് സംഭവിച്ച സ്ത്രീകൾ എന്നിവരെയെല്ലാം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേഖലയിലേക്ക് എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി, ലോക വനിത ദിനമായ മാർച്ച് 8നകം പരമാവധി സ്ത്രീകൾക്ക് ആവശ്യമായ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിത തൊഴിൽ മേളകൾ സംഘടിപ്പിക്കും.
നിലവിൽ 25,000 ത്തോളം വനിതകൾ പരിശീലനത്തിന് സജ്ജരായി കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ DWMS-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് . രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും വിവിധ പരിശീലനങ്ങൾ നൽകി തൊഴിൽ മേളകളിലേക്ക് എത്തിക്കാനാണ് നോളഡ്ജ് മിഷൻ പരിശ്രമിക്കുന്നത്. വർക്ക് റെഡിനെസ്സ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങൾ DWMS വഴി സൗജന്യമായി ഉദ്യോഗാർഥികൾക്ക് ലഭിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ 30 ലക്ഷത്തോളം സ്ത്രീകളായ തൊഴിൽ അന്വേഷകർക്ക് KASE, ASAP തുടങ്ങിയ ഏജൻസികൾ വഴി പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്നവർക്കും വൈദഗ്ധ്യത്തിന്റെ കുറവും വ്യക്തിപരമായ കാരണങ്ങളാലോ ജോലിയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തവരെ തൊഴിലിലേക്ക് എത്തിക്കുക എന്ന വിപ്ലവകരമായ ലക്ഷ്യമാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിക്കുള്ളത്.