Vellarmala school will be kept as a memorial

നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍ നിര്‍മ്മിക്കും

വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തും

നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ, സാമഗ്രികള്‍, ക്യാമ്പുകള്‍, ചെറു യാത്രകള്‍, ശില്‍പശാലകള്‍, ചര്‍ച്ചാ വേദികള്‍ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ വീണ്ടെടുത്ത് പഠന വിടവ് പരിഹരിക്കും. ജില്ല സമാനതകളില്ലാത്ത ദുരന്തം അഭിമുഖീകരിച്ച് മുന്നോട്ടുപോവുകയാണ്. ഏതൊരു ദുരന്തത്തെയും അഭിമുഖീകരിക്കാനുള്ള മനക്കരുത്ത് മലയാളികള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് വയനാട്ടുകാര്‍ മുന്നേറുന്നത്. ദുരന്തബാധിത പ്രദേശത്തെ പുനര്‍നിര്‍മ്മാണ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ആദ്യഘട്ടമായാണ് മേഖലയിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പാതയിലേക്ക് വീണ്ടെടുത്തത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ 40 ദിവസത്തെയും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ 30 ദിവസത്തെയും അധ്യയനമാണ് തടസ്സപ്പെട്ടത്. അക്കാദമിക രംഗത്ത് നഷ്ടപ്പെട്ട പഠന ദിനങ്ങള്‍ അധികസമയ പഠനത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പട്ട അധ്യയനം തിരിച്ച് പിടിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് അധിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിന് ആവശ്യമായ ബ്രിഡ്ജ് മെറ്റീരിയലുകള്‍ വകുപ്പ് തയ്യാറാക്കും. എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക പ്ലാന്‍ തയ്യാറാക്കും. ദുരന്തമുഖത്ത് പകച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സൈക്കോ സോഷ്യല്‍ സേവനം ഉറപ്പാക്കും. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുമായി സഹകരിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഓണ്‍ സൈറ്റ് സപ്പോര്‍ട്ട് ഉറപ്പാക്കുന്നതിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നിരന്തരമായി പ്രഗല്‍ഭരായ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. രക്ഷിതാക്കള്‍ക്കും സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെന്ററിങ് സൗകര്യവും ഏര്‍പ്പെടുത്തും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധിക സൗകര്യത്തിനായി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന 12 ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ശിലാഫലകം അനാഛാദനം ചെയ്തു.

പ്രകൃതി ദുരന്തത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതില്‍ 135 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സര്‍ട്ടിഫിക്കറ്റുകള്‍ 2000 -ത്തിന് മുന്‍പുളളവ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാന്‍ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നല്‍കി. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ദുരന്ത ഘട്ടത്തില്‍ വയനാട്ടിലെ ജനതക്കൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു. അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചത്. നമുക്ക് മുന്നോട്ട് പോകണം. നിങ്ങളെ ഈ നാട് ചേര്‍ത്ത് പിടിക്കുന്നുണ്ട്. പഠിച്ചു മുന്നേറുക. ഇതിനായി എല്ലാ സാഹചര്യവും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കി.