പണ്ഡിറ്റ് കറുപ്പൻ  അനുസ്മരണം 

 

അധസ്ഥിത വർഗ്ഗത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നതിക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് കവിതിലകൻ പണ്ഡിറ്റ് കെ പി കറുപ്പൻ. അധസ്ഥിത വർഗ്ഗത്തിന്റെ വിമോചനത്തിനുവേണ്ടി ആയിരുന്നു പണ്ഡിറ്റ് കെ പി കറുപ്പന്റെ ജീവിതം.

ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ അക്ഷരമാല അദ്ദേഹം ചമച്ചു. ജാതിയുടെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്ന “ജാതിക്കുമ്മി ” പോലുള്ള കാവ്യങ്ങൾ അദ്ദേഹം രചിച്ചു. കുമാരനാശാന്റെ “ദുരവസ്ഥ” പുറത്തുവരുന്നതിന് വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ടതാണ് “ജാതിക്കുമ്മി” എന്ന് നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന കവിയായിരുന്നു അദ്ദേഹം. അനാചാരങ്ങളെ തുടച്ചു മാറ്റാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. പണ്ഡിറ്റ് കെ പി കറുപ്പന്റെ ആഹ്വാനങ്ങൾക്ക് നമ്മുടെ രാജ്യത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോൾ ഇപ്പോഴും വലിയ പ്രസക്തിയുണ്ട്.

പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രമുഖ വ്യക്തികളെ ആദരിക്കുന്നതും ആയ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.