S.E.R.T. with a massive plan to pass on history to future generations; Old textbooks are now digital

ചരിത്രത്തെ ഭാവി തലമുറക്ക് കൈമാറുന്ന ബൃഹത് പദ്ധതിയുമായി എസ്.ഇ.ആർ.ടി.; പഴയ പാഠപുസ്തകങ്ങൾക്ക് ഇനി ഡിജിറ്റിൽ രൂപം

വിവിധ കാലങ്ങളിൽ ഓരോ മേഖലയിലുമുണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറക്ക് പകർന്നു നൽകാൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.), 1950 മുതൽ പ്രസിദ്ധീകരിച്ച 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നു. 1950 മുതൽ ഇതുവരെയുള്ള പുസ്തകങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഓരോ വിഷയങ്ങളിന്മേലും കാലഘട്ടത്തിനനുസൃതമായി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും പഴയ കാലഘട്ടത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്നുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കുന്നതിനും ഈ പുസ്തകങ്ങൾ പരിശോധിക്കുന്നതിലൂടെ സാധിക്കും. ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ഡിജിറ്റലൈസേഷൻ പ്രക്രിയ.

നിലവിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. (https://scert.kerala.gov.in/wp-content/uploads/2023/02/MISSING-TB.pdf) ഈ പുസ്തകങ്ങൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പക്കലുണ്ടെങ്കിൽ കേരള ചരിത്രത്തിന്റെ ഭാഗമായ, അനേകം തലമുറകൾ നേടിയെടുത്ത വിജ്ഞാനം വരും തലമുറക്ക് കൈമാറുന്ന ഈ പ്രക്രയിൽ പങ്കാളികളാകണം. പുസ്തകങ്ങൾ കൈവശമുള്ളവർ 9447328908 എന്ന നമ്പറിലോ scertlibtvpm@gmail.com മെയിലിലോ വിവരം അറിയിച്ചാൽ എസ്.സി.ഇ.ആർ.ടി. പുസ്തകങ്ങൾ കളക്ട് ചെയ്ത് ഡിജിറ്റലൈസ് ചെയ്തതിന് ശേഷം കേടുപാടുകൾ പറ്റാതെ സുരക്ഷിതമായി തിരികെ ഏൽപ്പിക്കും. സിഡിറ്റ് ആണ് ഡിജിറ്റലൈസേഷൻ പ്രക്രിയ നടത്തുന്നത്.

2,500 റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 56,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള പൂജപ്പുരയിലെ വിദ്യാഭവനിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറിയുടെ ഭാഗമാകും ഈ ഡിജിറ്റലൈസേഷൻ. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയാൽ അവ പൊതുജങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തും.