The new school year will modernize more primary schools in the general education sector

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ എച്ച് എസ് ൽ നിർമ്മിച്ച വർണക്കൂടാരം പദ്ധതി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. പ്രീ പ്രൈമറി,പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യംമിടുന്നത്. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത് . അതിൻറെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ- പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ ഈ വർഷത്തോടെ സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കുവാനായിട്ടുണ്ട് . കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിൻറെ ആദ്യപാഠങ്ങൾ ലഭ്യമാക്കുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തനയിടങ്ങളാണ് ഓരോ സ്കൂളിലും സജ്ജമാക്കിയിരിക്കുന്നത്.