Central policy to privatize public sector banks is wrong: Minister V Sivankutty

പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയം തെറ്റ് :മന്ത്രി വി ശിവൻകുട്ടി

പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയം തെറ്റെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നൂറു ശതമാനം സർക്കാർ ഉടമസ്ഥതയിൽ ആയിരുന്ന ബാങ്കുകളെ ആണ് കേന്ദ്രം സ്വകാര്യവൽക്കരിക്കുന്നത്. ജനകീയ ബാങ്കിംഗ് കയ്യൊഴിഞ്ഞ്, വരേണ്യ ബാങ്കിംഗ് നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ. കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി വൻകിട ലോണുകൾ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ ലാഭം കുറയുകയാണ്. ലാഭം കുറയുന്നു എന്ന് പറഞ്ഞുകൊണ്ട് പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ പഴയ തലമുറ സ്വകാര്യ ബാങ്കുകളെ വിദേശവൽക്കരിക്കുക എന്ന നടപടിയും കേന്ദ്ര സർക്കാർ ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.കാത്തലിക് സിറിയൻ ബാങ്ക് ഇതിന് ഒരു ഉദാഹരണം ആണ്.

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച്‌ 28,29 തിയ്യതികളിൽ ദേശീയ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കിന് ആധാരമായി ഉന്നയിക്കുന്ന 12 മുദ്രാവാക്യങ്ങളിൽ ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക എന്നത് കൂടിയുണ്ട്. ദേശീയ പണിമുടക്ക് ചരിത്രവിജയം ആക്കാനുള്ള പ്രവർത്തനങ്ങളിൽ അണിചേരാൻ മന്ത്രി വി ശിവൻകുട്ടി ആഹ്വാനം ചെയ്തു