Strict action will be taken if files are delayed in Public Education Department

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ പക്കലുള്ള ഫയലുകൾ ക്രമവിരുദ്ധമായി വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന -ജില്ലാ – ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി ഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ഫയൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്റെ നിർദ്ദേശങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നത്. ഈ നില തുടരാൻ അനുവദിക്കില്ല.സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും 2023 – 24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള സമയക്രമ പട്ടിക തയാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധ ചെലുത്തണം.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പു വരുത്തി പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലെ കൂട്ടായ്മ ഇനിയും വർദ്ധിപ്പിക്കണം. പൊതു വിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികളെയും മുന്നിൽ കണ്ടാകണം ഏതൊരു പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത്. വിവിധ തലങ്ങളിൽ നിർവഹണ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകർ പദ്ധതികൾ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തു വേണം താഴെ തട്ടുവരെ നടപ്പാക്കേണ്ടത്.

സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും നിർവഹണ പുരോഗതി മാസത്തിലൊരിക്കൽ സംസ്ഥാനതലത്തിലും മൂന്നുമാസത്തിലൊരിക്കൽ ജില്ലാതലത്തിലും വിലയിരുത്തണം. പൊതുവിദ്യാലയങ്ങളിൽ പഠന സമയത്ത് സ്വകാര്യപരിപാടികൾ വകുപ്പിന്റെ അനുമതിയില്ലാതെ സംഘടിപ്പിക്കാനോ വിദ്യാലയത്തിന് അകത്തോ പുറത്തോ കുട്ടികളെ പങ്കെടുപ്പിക്കാനോ അനുവദിക്കില്ല. ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ ശ്രദ്ധചെലുത്തണം.