Manchadi project to 101 schools to improve math skills in primary school children

പ്രൈമറി കുട്ടികളിലെ ഗണിതശേഷി മികവുയർത്താൻ മഞ്ചാടി പദ്ധതി 101 വിദ്യാലയങ്ങളിലേക്ക്

ഗണിതപoന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ ഡിസ്ക് മുഖേനെ വികസിപ്പിച്ചെടുത്ത മഞ്ചാടി പoനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. താരതമ്യേനെ പ്രയാസമേറിയ ഭിന്നസംഖ്യ എന്നാശയമാണ് മഞ്ചാടി പദ്ധതിയുടെ ഭാഗമായി ലളിതമായി കുട്ടികളിലെത്തിക്കുന്നത്. നാലുവർഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്.

ചെറുവത്തൂർ (കാസർഗോഡ്), കുറുമാത്തൂർ, മുണ്ടേരി (കണ്ണൂർ), കൊയിലാണ്ടി, ചേവായൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളിലുമാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാകിരണം മിഷൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിർവഹണം. ഗവേഷണാത്മക നേതൃത്വം എസ് സി ഇ ആർ ടി ക്കാണ്.