Odepec, a government agency, with a recruitment of nurses to Belgium

ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റുമായി സർക്കാർ സ്ഥാപനമായ ഒഡെപെക്

ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകാനുള്ള കരുത്ത് ഒഡെപെകിന് ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ആരംഭിച്ച് തൊഴിൽവകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക്.

22 പേരാണ് ആദ്യ ഘട്ടത്തിൽ നഴ്സിംഗ് ജോലിക്കായി
ബെല്‍ജിയത്തിൽ പോകുന്നത്.

ഒഡെപെകും ബെല്‍ജിയത്തില്‍ നിന്നുള്ള ഡിഗ്നിറ്റാസ് കണ്‍സോര്‍ഷ്യവും, കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ അറോറ എന്ന പദ്ധതിപ്രകാരമാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ്.

സുതാര്യമായ രീതിയിലൂടെ ആയിരുന്നു ഇതിലേയ്ക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 22 നഴ്സുമാരും 6 മാസം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബയോ ബബിള്‍ സംവിധാനത്തില്‍ ലൂര്‍ദ്ദ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ അവിടെ തന്നെ താമസിച്ച് പഠിക്കുകയായിരുന്നു. ബെല്‍ജിയത്തില്‍ നിന്നും ഇവരെ ഡച്ച് ഭാഷ പഠിപ്പിക്കാനായി അധ്യാപിക ക്രിസ്റ്റ ഡെബ്രാന്‍റര്‍ നേരിട്ടെത്തിയിരുന്നു.
യോഗ്യത നേടിയ 22 വിദ്യാര്‍ത്ഥികളും മാര്‍ച്ച് മാസം തന്നെ ബല്‍ജിയത്തിലേക്ക് യാത്ര തിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അവര്‍ക്കുള്ള വിസ – വിമാന ടിക്കറ്റ് വിതരണം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകാനുള്ള കരുത്ത് ഒഡെപെകിന് ഉണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ റിക്രൂട്ടുമെന്‍റുകള്‍ കൂടാതെ ദേശീയ-വിദേശീയ വിമാന ടിക്കറ്റ് ബുക്കിംഗും വിദേശഭാഷാ പരിശീലനവും വിദേശ രാജ്യങ്ങളില്‍ പഠനം സംബന്ധിക്കുന്ന പ്രോഗ്രാമുകളും ടൂര്‍ പാക്കേജുകളും നടത്തുന്ന ഒഡെപെക് ഈ മേഖലയിലെ തട്ടിപ്പിന് തടയിടുന്ന സർക്കാർ ഏജൻസിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് മാത്രമേ ഒഡെപെകില്‍ വാങ്ങുന്നുള്ളൂ. മിക്ക റിക്രൂട്ട്മെന്‍റുകളും തികച്ചും സൗജന്യമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തൊ‍ഴിൽ സുരക്ഷ ഉറപ്പാക്കി റിക്രൂട്ട് ചെയ്യുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഒഡെപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽ കുമാർ അധ്യക്ഷനായിരുന്നു. എം. ഡി. അനൂപ് കെ. എ., കെ എസ് ഡബ്ലി യു ഡി സി എം ഡി ബിന്ദു വി. സി.,ലൂർദ്സ് ഹോസ്പിറ്റൽ സി ഇ ഒ ആൻഡ് ഡയറക്ടർ ഫാദർ ഷൈജു എന്നിവർ പങ്കെടുത്തു.