Schooling for Excellence Part II' is accepted in principle

 മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II’ തത്വത്തിൽ അംഗീകരിച്ചു
1. 2009 ലെ വിദ്യാഭ്യാസഅവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച് നിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കുന്നതിനായി 19.10.2017 ൽ സർക്കാർ ഉത്തരവിലൂടെ എൻസിഇആർടി കരിക്കുലംവിഭാഗം തലവനും എസ്‌സിഇആർടി ഡയറക്ടറുമായിരുന്ന പ്രൊഫ.എം.എ.ഖാദർ, നിയമവകുപ്പിൽ നിന്നും സ്‌പെഷ്യൽസെക്രട്ടറിയായി വിരമിച്ച ജി. ജ്യോതിചൂഢൻ, ഹയർസെക്കൻഡറി വകുപ്പിൽനിന്നും പ്രിൻസിപ്പലായി വിരമിച്ച വിദ്യാഭ്യാസപ്രവർത്തകനായ ഡോ.സി.രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായ സമിതിയെ നിയോഗിക്കുകയുണ്ടായി. 03.03.2018 ലെ സർക്കാർ ഉത്തരവിലൂടെ പ്രൊഫ. എം.എ. ഖാദറിനെ സമിതിചെയർമാനായി നിയോഗിച്ചു. പരിഗണനാവിഷയങ്ങൾ വിശാലാർത്ഥത്തിൽ മേൽസൂചിപ്പിച്ച സർക്കാർ ഉത്തരവുകളിൽ ഉണ്ടായിരുന്നെങ്കിലും 03.10.2018ലെ സർക്കാർഉത്തരവിലൂടെ സമിതിയുടെ പരിഗണനാവിഷയങ്ങൾ കൃത്യതപ്പെടുത്തി.

2. ‘മികവിനുമായുള്ളവിദ്യാഭ്യാസ’മെന്ന സമിതിറിപ്പോർട്ട് ഒന്നാംഭാഗം 2019 ജനുവരിയിൽ സർക്കാരിന് സമർപ്പിക്കുകയുണ്ടായി. റിപ്പോർട്ടിന്റെ രണ്ടാംഭാഗം 2022 സപ്തംബർ 22 ന് സർക്കാരിന് സമർപ്പിച്ചു.

3. ‘മികവിനായുള്ളവിദ്യാഭ്യാസം’ ഒന്നാംഭാഗം റിപ്പോർട്ടിൽ പൊതുവേ ഘടനാപരമായ മാറ്റങ്ങൾ സംബന്ധിച്ചവിശദമായ നിർദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ പ്രീസ്‌കൂൾ, സ്‌കൂൾ പ്രവേശന പ്രായം, സ്‌കൂൾവിദ്യാഭ്യാസ ഘട്ടങ്ങൾ, നിയന്ത്രണവും മോണിറ്ററിംഗും, വിദ്യാഭ്യാസ വകുപ്പിലെ വിവിധഏജൻസികൾ, അധ്യാപകയോഗ്യത, അധ്യാപകപരിശീലനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.20.02.2019 ലെ സ.ഉ.(കൈ) നം.19/2019/പൊവിവ പ്രകാരം പ്രസ്തുത റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.

4. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ‘മികവിനായുള്ള വിദ്യാഭ്യാസം’ ഒന്നാംഭാഗത്തിൽ വിശദീകരിക്കാത്ത കാര്യങ്ങളാണ് രണ്ടാംഭാഗം റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതിൽ പ്രധാനമായത് അക്കാദമികവും അതുമായി ബന്ധപ്പെട്ടകാര്യങ്ങളാണ്. ഒന്നാം ഭാഗം റിപ്പോർട്ടിന്റെതുടർച്ച എന്ന നിലയിലാണ് രണ്ടാംഭാഗം റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ആറ് അധ്യായങ്ങളാണ് ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉള്ളത്. അതിൽ അധ്യായം അഞ്ചിന്റെ തുടർച്ച എന്ന നിലയിലാണ് രണ്ടാം ഭാഗം റിപ്പോർട്ടിൽ ഏഴാമത്തെ അധ്യായം ക്രമീകരിച്ചിട്ടുള്ളത്. എട്ടാം അധ്യായം ശുപാർശകളുടെ സംഗ്രഹമാണ്.

5. നാളെയുടെവിദ്യാഭ്യാസമെന്ന ഏഴാം അധ്യായത്തെ 45 ഉപവിഭാഗങ്ങളായി തിരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഉപവിഭാഗവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും നിജസ്ഥിതി വിശകലനംചെയ്ത്‌ രേഖപ്പെടുത്തുകയും തുടർന്ന് സമിതിയുടെ നിർദ്ദേശങ്ങൾ/ ശുപാർശകൾ അവതരിപ്പിക്കുകയുംചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.

6. വിദഗ്ധസമിതിയുടെ അന്വേഷണം നടക്കുന്ന കാലഘട്ടത്തിന്റെ സവിശേഷതകൾ പ്രവേശികയിൽ സൂചിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ദുർബലപ്പെടുത്തുന്ന അവസ്ഥക്കെതിരെയുള്ള രാഷ്ട്രീയനിലപാട്, 2016 ചുമതലയേറ്റ ഉടൻ – അടച്ചുപൂട്ടാൻ തീരുമാനിച്ച നാല്‌വിദ്യാലയങ്ങൾ ഏറ്റെടുത്തുകൊണ്ട് – ഊട്ടിയുറപ്പിച്ച സാഹചര്യം, നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും ലക്ഷ്യമിട്ട് തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പൊതുപശ്ചാത്തലം, നിപ്പ, കേരളസമൂഹത്തിന് അനുഭവവേദ്യമല്ലാത്ത തുടർച്ചയായ രണ്ടു പ്രളയങ്ങൾ, മാനവരാശിയുടെ ജീവിതക്രമത്തെയാകെ മാറ്റിമറിച്ച കോവിഡ് 19 മഹാമാരി, പൊതുവിദ്യാലയങ്ങളെയാകെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക ജനിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസനയം 2020, പ്രസ്തുത നയം നടപ്പാക്കാൻ യൂണിയൻ സർക്കാർ കൈക്കൊള്ളുന്ന തന്ത്രങ്ങൾ ഇവയെല്ലാംവിദഗ്ധസമിതി പ്രവർത്തന കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന വസ്തുതകളാണ്. ഇക്കാര്യങ്ങളെല്ലാംവിദഗ്ധസമിതിറിപ്പോർട്ട് തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ടി വന്നിട്ടുണ്ട് എന്ന് രണ്ടാംഭാഗം റിപ്പോർട്ടിനെ പ്രവേശികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

7. ഏഴാം അധ്യായത്തിലെ ഒന്നാം ഉപവിഭാഗം നീതി ഉറപ്പാക്കിയുള്ള ഗുണമേന്മാ വിദ്യാഭ്യാസം എന്നതാണ്. എന്തിനാണ് വിദ്യാഭ്യാസം എന്ന് ഒന്നാം ഭാഗം റിപ്പോർട്ടിൽവിശദീകരിച്ചിട്ടുണ്ട്. എന്നാൽവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും(എന്താണ് വിദ്യാഭ്യാസം), എങ്ങിനെയാകണം വിദ്യാഭ്യാസവും എന്നത് ഈ ഉപവിഭാഗത്തിൽ വിശദീകരിച്ചിട്ടുണ്ട്. മാറി വരുന്ന ലോക ക്രമത്തിൽ കാണാപാഠം പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയതുകൊണ്ട് മാത്രം മുന്നേറാൻ കഴിയില്ലെന്നും വിമർശനാവബോധവും വിശകലനശേഷിയും പ്രശ്‌നപരിഹരണ ശേഷിയും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും വിശദമാക്കിയിട്ടുണ്ട്. ഇതിന് കുട്ടികളെ സജ്ജമാക്കണമെങ്കിൽ പ്രക്രിയാബന്ധിത ക്ലാസ്മുറികൾ അനിവാര്യമാണെന്ന നിലപാടാണ് സമിതിസ്വീകരിച്ചത്. പഠന ബോധനരീതി ആധുനീകവത്കരിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോർട്ടിലുണ്ട്. ഇതിനെല്ലാം കഴിയുംവിധം അധ്യാപകരെ പരിവർത്തിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അതിനായുള്ള ടീച്ചർ പ്രൊഫഷണൽ വികാസം എങ്ങിനെയാകണം എന്നും വിശദമാക്കിയിട്ടുണ്ട്.

8. സ്‌കൂൾ എന്നത് എങ്ങിനെയാണ് എല്ലാവരേയും ഉൾചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന പൊതുഇടമായി മാറേണ്ടത് എന്നതാണ് സ്‌കൂൾ എന്ന പൊതുഇടം എന്ന ഭാഗം വിശദമാക്കുന്നത്. വിവിധ ഘട്ടങ്ങളിലെ പഠനസമീപനം എന്താകണം എന്ന വിശദമായ പരിശോധനയും ശുപാർശകളും പഠനസമീപനം വിവിധഘട്ടങ്ങളിൽ എന്ന ഉപവിഭാഗത്തിലുണ്ട്. ബോധന മാധ്യമം എന്തുകൊണ്ട് മാതൃഭാഷയാകണം എന്നത് സംബന്ധിച്ച ശാസ്ത്രീയ വിശകലനമാണ് നാലാമത്തെ ഉപവിഭാഗത്തിലുള്ളത്. അതോടൊപ്പം ഒരു ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയ സമീപനങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും നിർദ്ദേശങ്ങളും അഞ്ചാമത്തെ ഉപവിഭാഗത്തിലുണ്ട്. പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച നിർദ്ദേശങ്ങളാണ് ആറാമത്തെ ഉപവിഭാഗത്തിലുള്ളത്. മൂല്യവിദ്യാഭ്യാസം, മെന്ററിംഗ് തുടങ്ങിയവ തുടർന്ന് നൽകിയിരിക്കുന്നു. പരീക്ഷകളിൽ തളച്ചിടപ്പെട്ട കേരള സമൂഹത്തെ വിലയിരുത്തലിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ സഹായിച്ചു കൊണ്ട് മാത്രമേ വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ കഴിയൂ എന്ന നിലപാട് സമിതിറിപ്പോർട്ടിലുണ്ട്. വിലയിരുത്തൽ സംബന്ധിച്ച വിശദമായ ശുപാർശകളും മുന്നോട്ടു വച്ചിട്ടുണ്ട്.

9. പത്താമത്തെ ഉപവിഭാഗമായി ഗ്രേസ്മാർക്കിനെക്കുറിച്ചുള്ള നീരീക്ഷണങ്ങളും ശുപാർശകളുമാണ് നൽകിയിരിക്കുന്നത്. ഗ്രേസ്മാർക്ക് നൽകുന്നത് തുടരണം എന്ന് തന്നെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ഗ്രേസ്മാർക്ക് നൽകുന്ന നിലവിലെ രീതിയിൽ കാര്യമായ മാറ്റങ്ങൾ സമിതിശുപാർശകളിലുണ്ട്.

10. ക്ലാസിലെ കുട്ടികളുടെ എണ്ണം, മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങൾ തുടങ്ങിയ കാര്യങ്ങൾ തുടർന്ന് പ്രതിപാദിക്കുന്നു. തസ്തികാനിർണ്ണയം അഥവാ സ്റ്റാഫ് ഫിക്‌സേഷൻ കാലോചിതമായി പരിഷ്‌ക്കരിക്കണം എന്ന ശുപാർശയാണ് സമിതി നൽകിയിരിക്കുന്നത്. അത് സംബന്ധിച്ച മൂർത്തമായ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സ്‌കൂളിന്റെ വലുപ്പം കുട്ടികളുടെ എണ്ണം എത്രവരെയാകാം എന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും റിപ്പോർട്ടിന്റെ ഭാഗമായുണ്ട്. അധ്യാപക നിയമനം സംബന്ധിച്ച നിർദ്ദേശങ്ങൾ ആണ് മറ്റൊരു ഉപവിഭാഗത്തിലുള്ളത്. ഉയർന്ന തസ്തികയിലേക്കുള്ള നിയമനം ഇപ്പോൾ സ്വാഭാവികമായി സേവനദൈർഘ്യം മാത്രം പരിഗണിച്ചാണ് നടക്കുന്നത്. ഇത് മാറണമെന്നും കഴിവും അഭിരുചിയും പരിഗണിക്കണമെന്നും സമിതി ശുപാർശചെയ്യുന്നു. ഇതിനായി സുതാര്യമായ സംവിധാനം വികസിപ്പിക്കണം. അധ്യാപകരെ വിശ്വാസത്തിലെടുത്താകണം ഈ നിർദ്ദേശം പരിഗണിക്കേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.

11. അധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങൾ അതിൽ തന്നെ ഓഡിറ്റിങ്ങ് രീതി കലോചിതമായി പരിഷ്‌ക്കരിക്കേണ്ടത്, പഠനദിനങ്ങൾ തുടങ്ങിയ സംബന്ധിച്ച ശുപാർശകൾ ഇതിന്റെതുടർച്ചയായ ഉപവിഭാഗങ്ങളായുണ്ട്.

12. പഠന സമയം സംബന്ധിച്ച ശുപാർശകളാണ് വലിയ തോതിലുള്ള സാമൂഹിക ചർച്ചകൾക്ക് വിധേയമായത്. നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്ക് ശേഷംമൂന്ന് ശുപാർശകളാണ് മുഖ്യമായും ഈ ഉപ വിഭാഗത്തിലുള്ളത്.

13. അതിൽ ആദ്യത്തേത് ഇപ്രകാരമാണ് സൂചിപ്പിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലുംദേശീയപാഠ്യപദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്‌കൂൾസമയം രാവിലെ 7.30നും 8.30നും ഇടയിലാണ് ആരംഭിക്കുന്നത്. എന്നാൽ കേരളത്തിൽ ഇപ്പോഴുള്ള പഠനസമയം വളരെ കാലമായി നിലനിൽക്കുന്നതാണ്. കുട്ടികളുടെ സകലമാന കഴിവുകളെയും അഭിമുഖീകരിക്കേണ്ടി വരുന്ന രണ്ടാം തലമുറ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഗണിക്കുകയാണെങ്കിൽ പഠനസമയത്തെക്കുറിച്ച് പുതിയ ആലോചനകൾ വേണ്ടിവരും. അങ്ങിനെ ചെയ്യുമ്പോൾ സാമൂഹികമായി ഉയർന്നു വരാനിടയുള്ള വിവിധകാര്യങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. അത്തരം പരിശോധനയിലൂടെ ഉയർന്നു വരുന്ന സമവായത്തിന്റെ അടിസ്ഥാനത്തിൽ പഠനസമയം മാറ്റുകയാണെങ്കിൽ താഴെ പറയുന്ന നിർദ്ദേശങ്ങളും പരിഗണിക്കാവുന്നതാണ്. എന്ന് സൂചിപ്പിച്ചു കൊണ്ട് സമിതി നിർദ്ദേശങ്ങൾ എന്ന നിലയിൽ iii, iv പോയന്റുകളായി 8 മണിക്ക് സ്‌കൂൾ പഠനസമയം ആരംഭിക്കാവുന്നതാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. സാമൂഹിക സമവായം ആകുകയാണെങ്കിൽ മാത്രമേ ഈ നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുള്ളൂ എന്നതാണ് സമിതിശുപാർശ.

14. തുടർന്ന് പാഠപുസ്തകൾ സംബന്ധിച്ചകാര്യങ്ങളാണ്. നിലവിലുള്ള പാഠപുസ്തക സങ്കല്പനങ്ങളിൽ നിന്നും വലിയ മാറ്റങ്ങൾ വേണമെന്നാണ് സമിതി ശുപാർശ. സ്‌കൂൾ പോഷകാഹാര പരിപാടി, ഉത്സവങ്ങൾ, അധ്യാപക വിദ്യാഭ്യാസം – സേവനകാല പരിശീലനം, സേവന പൂർവകാല പരിശീലനം, തുടർപഠന സംവിധാനങ്ങൾ, അധ്യാപക ക്ഷേമകാര്യങ്ങൾ, ആൾട്ടർനേറ്റ് സ്‌കൂളുകൾ, ഏരിയ ഇന്റൻസീവ് സ്‌കൂളുകൾ, സ്‌പെഷൽ സ്‌കൂളുകൾ, മറ്റു സ്‌കൂളുകൾ, ഇൻസ്‌പെക്ഷൻ- മോണിറ്ററിംഗ്, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, അധ്യാപക റഫറണ്ടം, സ്‌കൂൾ പാർലമന്റ്, വിദ്യാർത്ഥികളുടെ ജനാധിപത്യവേദികൾ, സമൂഹപങ്കാളിത്തം, തദ്ദേശഭരണ സ്ഥാപനങ്ങളുംവിദ്യാഭ്യാസവും , ഗൈഡൻസ് &കൗൺസിലിങ്ങ്, ലഹരിയുടെ ഉപയോഗം,വിവിധ വകുപ്പുകളുടെ/ഏജൻസികളുടെ ഏകോപനം, കോവിഡാനന്തര വിദ്യാഭ്യാസം, നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിശദമായ പരിശോധനയ്ക്ക് വിധേയമാകുകയും ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

15. തുടർന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 സംബന്ധിച്ച സമിതി നിരീക്ഷണങ്ങളാണ്. അവസാനമായി നവകേരളത്തിനായുള്ള സ്‌കൂൾവിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും നിലപാടും രേഖപ്പെടുത്തിക്കൊണ്ടാണ് നാളെയുടെവിദ്യാഭ്യാസം എന്ന അധ്യായം അവസാനിക്കുന്നത്. എട്ടാം അധ്യായം ഏഴാം അധ്യായത്തിന്റെ സംഗ്രഹമാണ്.

16. സ്‌ക്കൂൾവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മൗലീകമായ ഒട്ടനവധി നിർദ്ദേശങ്ങളും ശുപാർശകളും’മികവിനായുള്ള സ്‌കൂൾവിദ്യാഭ്യാസം’ രണ്ടാം ഭാഗത്തിലുണ്ട്. വിദ്യാഭ്യാസം എന്നത്‌ കേരള സമൂഹത്തിൽ സർവതലത്തിൽ സ്പർശിക്കുന്ന ഒന്നാണ്. ഓരോകാര്യങ്ങളുംവിശദമായി ചർച്ചചെയത് അതിന്റെ നാനാവശങ്ങൾ പരിഗണിച്ചു വേണം നടപ്പാക്കേണ്ടത് എന്നാണ് സമിതി പൊതുവെയെടുത്ത നിലപാട് എന്നാണ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ മനസ്സിലാകുന്നത്.

സമയമാറ്റം

പഠന സമയം സംബന്ധിച്ച ശുപാർശകളാണ് വലിയ തോതിലുള്ള സാമൂഹിക ചർച്ചകൾക്ക് വിധേയമായത്. നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്ക് ശേഷം മൂന്ന് ശുപാർശകളാണ് മുഖ്യമായും ഈ ഉപവിഭാഗത്തിലുള്ളത്.

1) സ്‌കൂൾവിദ്യാഭ്യാസ കാര്യത്തിൽ പ്രാപ്യത (access) പഠനത്തുടർച്ച(retention) എന്നിവ 1990 കളോടുകൂടി ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഒന്നാം തലമുറ പ്രശ്‌നങ്ങൾ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു. ഒന്നാം തലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതിന്റെ തുടർച്ചയായി രണ്ടാം തലമുറ പ്രശനങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന ആവശ്യം 1990 കളിൽ തന്നെ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അത് ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള സാമൂഹികാവശ്യമായാണ് സംവദിക്കപ്പെട്ടത്. തുടർന്ന് വിദ്യാഭ്യാസ രംഗത്തെ തുല്യതയ്ക്കുള്ള ആവശ്യമായും ഇത് മാറി. ഈ ചർച്ചകളുടെ ഭാഗമായി 1990 കളിൽ തന്നെ സ്‌കൂൾ സമയം സംബന്ധിച്ച കാര്യങ്ങളും ചർച്ചയ്ക്ക് വന്നിരുന്നു. സ്‌കൂൾവിദ്യഭ്യാസം സംബന്ധിച്ച് നടന്ന ഗൗരവമേറിയ ചർച്ചകളിലെല്ലാം പഠന കോൺഗ്രസ്സുകളിലുൾപ്പെടെ പഠന സമയം സംവാദ വിഷയമായിരുന്നു. കുട്ടികളുടെ അഭിരുചിയും താല്പര്യങ്ങളും സ്‌കൂൾവിദ്യാഭ്യാസത്തിനകത്ത് ഉൾചേർക്കണമെന്നും അതിനനുസരിച്ചാകണം പഠന സമയം തീരുമാനിക്കപ്പെടേണ്ടതെന്നും നിർദ്ദേശങ്ങളായി വന്നിരുന്നു.

2) കെ.ഇ.ആർ പരിഷ്‌ക്കരണത്തിനായി വിവിധ കാലത്ത് നിയോഗിക്കപ്പെട്ട കമ്മറ്റികളുടെ കാലത്തം ഇത്തരം ചർച്ചകൾ നടന്നിരുന്നു. 2007 ൽ നിയോഗിക്കപ്പെട്ട മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ അധ്യക്ഷതയിൽ രൂപീകരിക്കപ്പെട്ട കമ്മറ്റി സ്‌കൂൾ സമയത്തിൽ പ്രകടമായി മാറ്റങ്ങൾ നിർദ്ദേശിച്ചില്ലെങ്കിലും 1 മുതൽ 10 വരെ ക്ലാസുകാർക്ക് ലൈബ്രറി പ്രവർത്തനം, ലബോറട്ടറി പ്രവർത്തനം, സെമിനാറുകൾ, പ്രോജക്ട് പ്രവർത്തനം, സ്‌പോർട്ട്‌സ്, സാഹിത്യ പ്രവർത്തനങ്ങൾ മറ്റ്‌ സർഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തണം എന്ന് പറയുകയുണ്ടായി.

3) എൻ. സി.എഫ് 2005 ന്റെ തുടർച്ചയായി കെ. സി.എഫ് 2007 രൂപീകരിക്കുന്ന സമയത്തും ഇത്തരം ചർച്ചകൾ ഉയർന്നു വന്നിരുന്നു. കെസി എഫ് 2007 ൽ പാഠ്യ പദ്ധതി വിനിമയ സമയം അഞ്ചു മണിക്കൂറായിരിക്കും എന്നും തുടർ പഠനത്തിനും ആവശ്യമായ സമയം ലഭ്യമാക്കണമെന്നും, ഫലപ്രദമായ പാഠ്യപദ്ധതി വിനിമയത്തിന് ലൈബ്രറി, ലബോറട്ടറി, പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും തുടർപഠന പ്രവർത്തനങ്ങൾക്കും കലാപ്രവർത്തി പരിചയ പഠനത്തിനും തൊഴിൽ പഠനത്തിനും ആവശ്യമായ സമയം ലഭ്യമാക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ പഠനം രാവിലെ ആരംഭിക്കുന്നതാണ് ഉചിതം എന്നും രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

4) പ്രൊഫ. എം.എ. ഖാദർ അധ്യക്ഷനായുള്ള വിദഗ്ധ സമതി അതിന്റെ രണ്ടാം ഭാഗം റിപ്പോർട്ടിൽ സമാനമായ ശുപാർശയാണ് കരടിൽ നിർദ്ദേശിച്ചിരുന്നത്.

6) ‘വിദഗ്ധ സമിതിയുടെറിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള സമയമാറ്റം നിർദ്ദേശം പുരോഗമനപരമാണ്. എന്നാൽ നിലവിലെ സാമൂഹ്യ സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ നിർദ്ദേശംരൂപപ്പെടുത്തുന്നതായിരിക്കും ഉചിതം’.

7) ഇക്കാര്യംവിദഗ്ധ സമിതി ചർച്ച ചെയ്തു ആയതിനാൽ കരടിൽ കൊടുത്ത പ്രകാരം ശുപാർശയായി ഇത് നൽകേണ്ടതില്ല എന്നും വിശദമായ സാമൂഹിക ചർച്ചകൾക്ക് ശേഷം ഉണ്ടാകുന്ന സമവായത്തിനടിസ്ഥാനത്തിൽ പരിഗണിക്കാവുന്നതാണ് എന്നും അങ്ങിനെ പരിഗണിക്കുന്ന അവസരത്തിൽ പരിഗണിക്കാവുന്ന കാര്യങ്ങൾ എന്ന നിലയിലാണ് ഇപ്പോൾറിപ്പോർട്ടിലുള്ളത്.

റിപ്പോർട്ടിൽകൊടുത്ത കാര്യങ്ങൾ അതേരൂപത്തിൽ ചുവടെകൊടുക്കുന്നു.

1. പഠനസമയം ഗുണതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കാൻ കഴിയണം. കേന്ദ്രീയ വിദ്യാലയങ്ങളിലും, ദേശീയ പാഠ്യ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്‌കൂൾ സമയം 7.30 നും 8.30 നും ഇടയിലാണ് ആരംഭിക്കുന്നത്. അക്കാദമിക കാരണങ്ങളിലാണ് ഈ സമയം പാലിക്കുന്നത്. എന്നാൽ കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പഠന സമയം വളരെക്കാലമായി നിലനിൽക്കുന്നതാണ്. കുട്ടികളുടെ സകലമാന കഴിവുകളേയും അഭിമുഖീകരിക്കേണ്ടി വരുന്ന രണ്ടാംതലമുറ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഗണിക്കുകയാണെങ്കിൽ പഠന സമയത്തെക്കുറിച്ച് പുതിയ ആലോചനകൾ വേണ്ടിവരും. അങ്ങിനെ ചെയ്യുമ്പോൾ സാമൂഹികമായി ഉയർന്നു വരാനിടയുള്ള വിവിധ കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. അത്തരം പരിശോധനയിലൂടെ ഉയർന്നു വരുന്ന സമവായത്തിനടിസ്ഥാനത്തിൽ പഠന സമയം മാറ്റുകയാണെങ്കിൽതാഴെ പറയുന്ന നിർദേശങ്ങളും പരിഗണിക്കാവുന്നതാണ്.

i. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ട് അതിനാവശ്യമായ തരത്തിൽ നിലവിലുള്ള പഠനസമയം ക്രമീകരിക്കണം. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ അനുഭവങ്ങൾ പ്രദാനം ചെയ്യാൻ കഴിയുംവിധം ആകണം ഈ ക്രമീകരണങ്ങൾ. ഇങ്ങനെ ക്രമീകരിക്കുമ്പോൾ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കപ്പെടണം.

ii. പ്രീ സ്‌കൂൾ ഘട്ടത്തിലെ – അങ്കണവാടികൾ അടക്കം – പ്രവർത്തനസമയം അതതു പ്രാദേശിക സമൂഹം തീരുമാനിക്കുന്നതാണ് ഉചിതം. പൊതുമാർഗനിർദേശം സംസ്ഥാന തലത്തിൽ ഉണ്ടായാൽ മതിയാകും. ഈ പ്രായത്തിലുള്ള കുട്ടികളുടെ ശരിയായ വളർച്ച ആവശ്യത്തിനായി കാലത്ത് ഉറങ്ങുന്ന കുട്ടികളുണ്ടെങ്കിൽ അവരെ ബുദ്ധിമുട്ടിക്കുന്ന സമീപനം സമയം നിശ്ചയിക്കുമ്പോൾ ഉണ്ടാകരുത്. നാല് നാലര മണിക്കൂർ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതിയാകും. പക്ഷേ തൊഴിൽചെയ്യുന്ന അച്ഛനമ്മമാരുടെ പ്രശ്‌നം കൂടി പരിഗണിക്കണം. ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾക്ക് അവർ തൊഴിലിനു പോകുന്നത് മുതൽ തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം കൂടി സാമൂഹികമായി വികസിപ്പിക്കണം. ഇത് പ്രീസ്‌കൂളിൽ തൊഴിൽചെയ്യുന്നവരുടെ മാത്രം ഉത്തരവാദിത്വം ആക്കരുത്.

iii. ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി തലത്തിൽ പഠനസമയംകാലത്ത് 8 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ ആകാവുന്നതാണ്. (സമയം ഇങ്ങനെ നിർദേശിക്കുന്നുണ്ടെങ്കിലുംഓരോസ്‌കൂളുംആകെ പ്രവൃത്തിസമയം പാലിച്ചുകൊണ്ട് പ്രാദേശികആവശ്യങ്ങൾ പരിഗണിച്ച്‌ സ്‌കൂൾസമയം ക്രമീകരിക്കാവുന്നതുമാണ്)

iv. അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി നിഷ്‌കർഷിക്കുന്ന ലക്ഷ്യങ്ങൾ നേടാൻ ഉതകുന്ന പ്രധാനമായും പാഠപുസ്തകത്തിൽ നിർദേശിച്ചിരിക്കുന്ന പഠനവസ്തുതകൾ സ്വാംശീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാലത്ത് 8 മണി മുതൽ 1 മണി വരെയുള്ള സമയംവിനിയോഗിക്കാം.

v. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അവരവരുടെ അഭിരുചിക്കും താൽപ്പര്യത്തിനും വൈഭവത്തിനും അനുസൃതമായ സംഘപ്രവർത്തനം സാധ്യമാണ്, ആവശ്യവുമാണ്. കലാ-കായിക രംഗങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് അതിനുള്ള അവസരം ഉണ്ടാകണം. തൊഴിൽവിദ്യാഭ്യാസം (വർക്ക് എഡുക്കേഷൻ), അന്വേഷണ പ്രവർത്തനങ്ങൾ, ലൈബ്രറിവിനിയോഗം, ലാബ് വിനിയോഗം, ചില വിഷയ മേഖലകളിൽകൂടുതൽ ആഴത്തിൽ അറിയാനും കുട്ടികൾക്ക് താത്പര്യനുസൃതമായി അനുഭവങ്ങളിൽ ഏർപ്പെടാനുള്ള സമയം ആയി ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയുള്ള സമയത്തെ പ്രയോജനപ്പെടുത്താം.

2. മുഴുവൻ കുട്ടികളുടെയുംകായികക്ഷമത ഉറപ്പാക്കാൻ കഴിയണം. അതിനാവശ്യമായ സമയം കണ്ടെത്താൻ കഴിയണം. കൂടാതെ പ്രൈമറി തലത്തിൽ നിർബന്ധമായി ഒരു നിശ്ചിത സമയം ക്ലാസിനകത്തുനിന്ന് തന്നെ ചെയ്യാൻ കഴിയുന്ന ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. ഇത് പഠനത്തിന്റെ ഭാഗമായി ഉൾച്ചേർത്താൽ ഏതു പീരിയഡിലും നടത്താൻ കഴിയും. കുട്ടികളുടെ കലാവാസനയും സർഗ്ഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിന്റെ പരിധിയിൽ ഉണ്ടാകണം.

3. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. ഈ ദിനം പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്‌കൂൾലൈബ്രറികളിൽ വായനയ്ക്കും റഫറൻസിംഗിനും കൂടാതെ സംഘപഠനത്തിനും സഹായകമായ ദിനമാക്കിമാറ്റാം.

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ട് ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II’ ലെ നിർദ്ദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥ തത്വത്തിൽ അംഗീകരിച്ചു. ഒന്നാം ഭാഗ റിപ്പോർട്ടിൽ ഘടനാ പരമായ മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തിൽ അക്കാദമിക മികവ് സംബന്ധിച്ച കാര്യങ്ങളാണ് ഉള്ളത്.