Minister of Public Instruction inaugurates distribution of 477 laptops in Vidyakiranam project

വിദ്യാകിരണം പദ്ധതിയില്‍ 477 ലാപ്‍ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികള്‍ക്കാവശ്യമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി 477 ലാപ്‍ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ നൂറ് കുട്ടികള്‍ക്കായി നൂറ് ലാപ്‍ടോപ്പുകള്‍ ഡി.ജി.ഇ കെ. ജീവന്‍ ബാബുവിന്റേയും കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്തിന്റേയും സാന്നിദ്ധ്യത്തില്‍ നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കമ്പനീസ് ആക്ട് 2013-ലെ സി.എസ്.ആര്‍ സ്കീം പ്രകാരം കൈറ്റിന്റെ അക്കൗണ്ടില്‍ ലഭിച്ച 85 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങളാണ് ഇപ്രകാരം ലഭ്യമാക്കുന്നത്. മിംസ് കാലിക്കറ്റ് (35 ലക്ഷം), എസ്.ബി.ഐ (20 ലക്ഷം), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ടി.ജെ.എസ്.വി സ്റ്റീല്‍ (15 ലക്ഷം രൂപ വീതം) എന്നീ കമ്പനികളുടെ സഹായത്തോടെയാണ് 477
ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. എസ്.ബി.ഐ നിര്‍ദേശിച്ച പ്രകാരം കോട്ടണ്‍ഹില്‍ സ്കൂളിലെ കുട്ടികള്‍ക്കുള്ള 100 ലാപ്‍ടോപ്പുകള്‍ക്ക് പുറമെയുള്ള 377 ലാപ്‍ടോപ്പുകള്‍ വയനാട് ജില്ലയിലെ സ്കൂളുകള്‍ക്കാണ് ലഭ്യമാക്കുന്നത്.

നേരത്തെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും പത്ത്, പന്ത്രണ്ട് ക്ലാസിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുമുള്ള 45313 ലാപ്‍ടോപ്പുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ വിദ്യാകിരണം പദ്ധതിക്കായി ലഭിക്കുന്ന തുകയ്ക്കനുസരിച്ച് നിശ്ചിത ഇടവേളകളില്‍ ജെം പോര്‍ട്ടല്‍ വഴി ടെണ്ടര്‍ നടപടികള്‍പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ വാങ്ങാന്‍ ഐ.ടി. വകുപ്പിന് പകരം കൈറ്റിനെ ചുമതലപ്പെടുത്തി മാര്‍ച്ച് 27 ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അടുത്ത ബാച്ച് ഉപകരണങ്ങള്‍ക്കായുള്ള ടെണ്ടര്‍ നടപടികള്‍ കൈറ്റ് ഉടന്‍ ആരംഭിക്കും.