45,313 learning materials through vidhyakiranam

വിദ്യാകിരണത്തിലൂടെ 45,313 പഠനോപകരണങ്ങൾ

സുഗമമായ അധ്യയനദിനങ്ങൾ കോവിഡ് മഹാമാരിമൂലം നഷ്ടപ്പെട്ട രണ്ട് വർഷങ്ങളാണ് കഴിഞ്ഞുപോയത്. ആദ്യവർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലെ ഫസ്റ്റ് ബെൽ എന്ന ക്ലാസ് പരമ്പരയിലൂടെ അധ്യാപകർ വിദ്യാർത്ഥികൾക്കു മുന്നിലെത്തിയത് കേരള സർക്കാരിന്റെ ബദൽ വിദ്യാഭ്യാസരീതിയുടെ വിജയമായിരുന്നു. രണ്ടാം വർഷത്തിൽ ഫസ്റ്റ് ബെല്ലിനൊപ്പം ഓൺലൈൻ ക്ലാസ്സുകളും ഓഫ്ലൈൻ ക്ലാസ്സുകളും പൂർണ്ണമായ തോതിൽ സജ്ജമായതോടെ ഡിജിറ്റൽ പഠനോപകരണങ്ങളുടെ ആവശ്യകത ഉയർന്നു. ഈ സാഹചര്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പൊതുജനപങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വിദ്യാകിരണം. 2021 ഒക്ടോബറിൽ ആരംഭിച്ച വിദ്യാകിരണത്തിലൂടെ ആദ്യഘട്ടത്തിൽ 45,313 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു.

www.vidyakiranam.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വിദ്യാകിരണം പദ്ധതിക്കായി പൊതുജനപങ്കാളിത്തം തേടിയത്. ഇതുവരെ ചെറുതും വലുതുമായി നിരവധി സംഭാവനകൾ പഠനോപകരണങ്ങൾ വാങ്ങാനായി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പ്ലസ്ടു വരെയുളള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും, 10, പ്ലസ്ടു ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുമാണ് ലാപ്ടോപ്പ് നൽകിയത്.

പട്ടികവർഗ്ഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ നൽകിയിട്ടുള്ളത് വയനാട് ജില്ലയിലാണ്, 17,029. അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് ജില്ലയിൽ 4597, കാസറഗോഡ് 3414, കണ്ണൂർ 2730, ഇടുക്കി 2184 എന്നിങ്ങനെയാണ് വിതരണം ചെയ്തിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിൽ 2978 പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ. പട്ടികവർഗ്ഗ വിഭാഗത്തിൽ 35,569 ഉം, പട്ടികജാതി വിഭാഗത്തിൽ 9,744 ഉം ലാപ്ടോപ്പ് വിതരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തിന് പൊതുജനങ്ങൾ നൽകിയ പങ്കാളിത്തം വലിയ സന്തോഷമുള്ള കാര്യമാണ്. കൂടുതൽ അർഹരിലേക്ക് പഠനോപകരണം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ കൈതാങ്ങായ സമൂഹം രണ്ടാംഘട്ടത്തിലും വിദ്യാർത്ഥികൾക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യക്തികൾ, സംഘങ്ങൾ എന്നിവർക്ക് വിദ്യാകിരണത്തിലേക്ക് സംഭാവന ചെയ്യാൻ vidyakiranam.kerala.gov.in സന്ദർശിക്കാം.