വൈജ്ഞാനിക വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ ടിങ്കറിംഗ് ലാബുകൾ
പൊതുവിദ്യാഭ്യാസരംഗം ആധുനിക കാലഘട്ടത്തിനോടൊപ്പം മുന്നേറുന്നതിന് പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രാവബോധവും, സാങ്കേതികതയിൽ ഊന്നിയ നവ വിദ്യാഭ്യാസ മാതൃകകളും സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി ടിങ്കറിംഗ് ലാബ് പോലുള്ള പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളിൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിച്ചു വരികയാണ്. തിരുവനന്തപുരം കോട്ടൺഹിൽ . ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം നിർമിച്ച ടിങ്കറിംഗ് ലാബ് പ്രവര്‍ത്തന സജ്ജമായി.
വിദ്യാർത്ഥികൾക്ക് സ്കൂൾതലം മുതൽ തന്നെ ഇലക്ട്രോണിക്സ് , റോബോട്ടിക്സ് , ബയോ ഇൻഫർമാറ്റിക്സ് തുടങ്ങി ആധുനിക ശാസ്ത്ര പഠനങ്ങൾക്ക് അടിസ്ഥാനമാകുന്ന പഠനശേഷി കൈവരിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിക്കുന്ന ടിങ്കറിംഗ് ലാബുകൾ സാങ്കേതികവിജ്ഞാനിക വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുന്ന നവീന പദ്ധതിയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിൽ ഇതിനോടകം 42 ടിങ്കറിംഗ് ലാബുകൾ ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് കൂടുതൽ വർദ്ധിപ്പിക്കും.