Cash awards have been increased for state school sports festival winners

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വർധിപ്പിച്ചു

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായും വർദ്ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യ രക്ഷാധികാരികളായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

2022 വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കും .  അത്‌ലറ്റിക് മത്സരങ്ങളിൽ 86 വ്യക്തിഗത ഇനങ്ങളും 10 ടീമിനങ്ങളും 2 ക്രോസ് കൺട്രി ഇനങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.  ഏകദേശം 2000-ൽ പരം കുട്ടികൾ 4 ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ പങ്കെടുക്കും.