A colorful start to the State Special School Art Festival

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം

ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്. സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്. ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവത്തിന് മറ്റു കലോത്സവങ്ങളേക്കാൾ ഏറെ പ്രധാന്യമാണ് നൽകുന്നത്.

ഒക്‌ടോബർ 22 വരെ നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള യു.പി. മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള 1600 ഭിന്നശേഷി വിദ്യാർഥികൾ ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ എട്ടു വേദികളിലായി മാറ്റുരയ്ക്കും. ശ്രവണ, കാഴ്ച പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. ശ്രവണ പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാർഥികൾക്ക് ഭക്ഷണവും താമസസൗകര്യവുമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെൻസിൽ, ജലഛായം മത്സരങ്ങാളാണ് ഇന്നലെ(ഒക്‌ടോബർ 20) നടന്നത്.
ഇന്ന് (ഒക്‌ടോബർ 21) ശ്രവണ പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മൈം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, ദേശഭക്തിഗാനം, മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട്, ലളിതഗാനം,പദ്യം ചൊല്ലൽ, ഉപകരണ സംഗീതം, ചിത്രരചന, കാർട്ടൂൺ, കഥാരചന, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ബാന്റ് മേളം എന്നീ മത്സരങ്ങൾ നടക്കും.
നാളെ(ഒക്‌ടോബർ 22) ശ്രവണ പരിമിതിയുള്ളവർക്കായുള്ള തിരുവാതിര, ചിത്രീകരണം, മോണോ ആക്ട്, ദേശീയഗാനം, പദ്യം ചൊല്ലൽ, കാഴ്ച പരിമിതിയുള്ളവർക്കുള്ള സംഘഗാനം, കഥാകഥനം, പ്രസംഗം മത്സരങ്ങൾ നടക്കും.