പാർശ്വവൽകൃത മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യം വച്ചു തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട്) . സമഗ്ര ശിക്ഷാ കേരളം ആക്സസ് ഫോക്കസ്ഡ് ഇന്നവേറ്റീവ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്കു ചക്കിട്ടപാറയിൽ തുടക്കം കുറിച്ചു.
പിന്നാക്ക മേഖലകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തീരദേശം, തോട്ടം, ആദിവാസി, പട്ടികജാതി സങ്കേതങ്ങൾ, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ എന്നിവയുള്ള സംസ്ഥാനത്തെ 14 ഗ്രാമങ്ങളിലാണ് ആദ്യഘട്ടമായി ഇത് നടപ്പാക്കുന്നത്.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പാക്കും. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ട് നയിക്കും. അഞ്ച് വർഷം കൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിലെത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യം. സേവാസ് മാസ്റ്റർ പ്ലാനും തയ്യാറായിട്ടുണ്ട്.