സ്കൂളുകളിൽ ഉച്ചഭക്ഷണ ​ഗുണനിലവാര രജിസ്റ്റർ

സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ ​ഗുണനിലവാര രജിസ്റ്റർ തയ്യാറാക്കുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുമ്പ് അധ്യാപകരും സ്കൂൾ മാനേജിം​ഗ് കമ്മിറ്റിയം​ഗങ്ങളും ഭക്ഷണം രുചിച്ച് നോക്കണം. ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെക്കുറിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഭക്ഷണ സാധനങ്ങളുടെ ​ഗുണനേന്മ ഉറപ്പുവരുത്തേണ്ടത് സ്കൂൾ ഉച്ചഭക്ഷണ സമിതിയുടെ ഉത്തരവാദിത്വമാണ്. എഫ്.എസ്.എസ്എ.ഐ അം​ഗീകൃതവും എൻ.എബിയിൽ അക്രഡിറ്റേഷനും ഉള്ള ലബോറട്ടറികളിൽ ഉച്ചഭക്ഷണ സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ നടപടി സ്വീകരിച്ചു. ഭക്ഷണസാധനങ്ങൾ സർക്കാർ അം​ഗീകൃത ഏജൻസികളിൽ നിന്നും വാങ്ങണം. പാൽ പ്രാദേശിക സഹകരണസംഘങ്ങളിൽ നിന്നോ മിൽമയിൽ നിന്നോ വാങ്ങാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.