Schools

സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു

സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 4515 സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു. എലമെന്ററി, സെക്കൻഡറി തലങ്ങളിൽ രണ്ടുഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫ്ഉ, നീന്തൽ, സൈക്ലിംഗ്, യോഗ, ഏറോബിക്സ്, തായിക്കൊണ്ടോ, തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം ആരംഭിക്കുന്നത്. ലഭ്യമാകുന്ന പാനലിൽ നിന്നും, വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ച ഇത്തരം ഇനങ്ങളിൽ പ്രാവീണ്യം നേടിയവരെയും പരിശീലകരായി തെരഞ്ഞെടുക്കാം. അതില്ലാത്ത സാഹചര്യത്തിൽ പ്രാദേശിക പരിശീലകരെയും പരിശീലനത്തിനായി ഉപയോഗപ്പെടുത്താം. പിടിഎ, എസ് എം സി, എസ് എം ഡി സി, എൽ എസ് ജി. ഇവയുടെ സഹകരണത്തോടെയാണ് വിദ്യാലയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ബാച്ചിൽ 35ൽ കുറയാത്ത കുട്ടികൾക്ക് പ്രവൃത്തി ദിവസം വൈകുന്നേരം ഒരു മണിക്കൂർ എന്ന തോതിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.