School curriculum reform

കുട്ടികളുടെ ചർച്ചപാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

എല്ലാ വിദ്യാലയങ്ങളിലും നിശ്ചയിക്കുന്ന പ്രത്യേക ദിവസം ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചർച്ചകൾക്കായി മാറ്റിവയ്ക്കുന്നതാണ്.

നവംബർ 17ന് കേരളത്തിലെ എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചർച്ചകൾ നടത്തുന്നതാണ്. ഇതിലേക്കായി പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിർദ്ദേശങ്ങൾ ഒരു സുപ്രധാന ഡോക്യുമെൻറായി തയാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

ചർച്ചാ ദിവസം സ്കൂളിൽ ആദ്യ ഇടവേളയ്ക്ക് ശേഷം ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളുടെ ചർച്ച സ്കൂൾ തലത്തിൽ ക്രോഡീകരിച്ച് ബി.ആർ.സി. യ്ക്ക് കൈമാറും.

ബി.ആർ.സി. കൾ അത് എസ്.സി.ഇ.ആർ.ടി. യ്ക്ക് കൈമാറും. നാൽപത്തിയെട്ട് ലക്ഷം കുട്ടികൾ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും.

കുട്ടികളുടെ ക്ലാസ് മുറി ചർച്ചയുടെ ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുകയുണ്ടായി. വളരെ മികച്ച അനുഭവമാണ് ആ ചർച്ചയുടെ ഭാഗമായ എനിയ്ക്കുണ്ടായത്. കുട്ടികൾ ആധികാരികവും ഗൗരവതരവുമായി വിഷയങ്ങളെ സമീപിക്കുന്നുണ്ട്. അക്കാദമികമായി കൂടുതൽ വിഷയങ്ങൾ പഠിക്കണം, കലാ-കായിക പ്രവർത്തനങ്ങൾക്ക് സമയം വേണം, സൈബർ സെക്യൂരിറ്റി പോലുള്ള ആധുനിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയവയ്ക്ക് സിലബസിൽ കൂടുതൽ പ്രാധാന്യം നൽകണം എന്ന ആവശ്യം കുട്ടികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

വളരെ പ്രാധാന്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ചർച്ചയെ കാണുന്നത്. പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുമ്പോൾ ഈ ചർച്ചയുടെ പ്രതിഫലനവും ഉണ്ടാകും.