School Weather Station project started

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ 34 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ ആധുനിക വൽക്കരിക്കപ്പെടുയാണ്. സാങ്കേതികവും ശാസ്ത്രീയവുമായ വിവിധതരം ഉപകരണങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് ശാസ്ത്രലോകത്തെ അടുത്തറിയാൻ കഴിയുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതുവിദ്യാലയങ്ങളിൽ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. അതാത് പ്രദേശത്തെ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയ്യാറാക്കുന്നതിനും കഴിയുന്നു എന്നതാണ് സ്കൂൾ വെതർ സ്റ്റേഷനുകളുടെ നിർമ്മാണത്തോടെ സാധ്യമാകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 34 എണ്ണമാണ് ജില്ലയിൽ സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവരുടെ മാർഗനിർദേശങ്ങളും സഹായ സഹകരണങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കുന്നുണ്ട്. ഇതിൻറെ തുടർച്ചയെന്നോണം വരുന്ന അക്കാദമിക് വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൂടുതൽ എണ്ണം വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വികരിക്കും. മാറി മാറിവരുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും പൊതുവിദ്യാലയങ്ങളുടെ സമീപ പ്രദേശത്തെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും കാർഷികവൃത്തിക്ക് സഹായകരമാകുന്ന ഇടപെടൽ നടത്തുന്നതിനും വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കും.