The Swiggy strike is settled

സ്വിഗ്ഗി സമരം ഒത്തുതീർപ്പായി

ശമ്പള അലവൻസ് വിഷയങ്ങളിലും പുതുതായി ഏർപ്പെടുത്തിയ മൈ ഷിഫ്റ്റ് മെക്കാനിസം ആപ്പിനുമെതിരെ നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് സ്വിഗ്ഗി ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയിലെ തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തു തീർപ്പായി. രണ്ടരകിലോമീറ്റർ ദൂരത്തിനുള്ളിലെ ഭക്ഷ്യവിതരണത്തിന് 25 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും ആറു രൂപയും അധികമായി നൽകും. അഞ്ചു കിലോമീറ്റർ ദൂരപരിധിക്കപ്പുറമുള്ള ഡെലിവറിക്ക് കിലോമീറ്ററിന് ആറു രൂപ കണക്കിൽ റിട്ടേൺ ചാർജ്ജ് നൽകുന്നതിനും തീരുമാനമായി. മഴസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഇൻസെന്റീവ് 20 രൂപയായി തുടരും.
മൈ ഷിഫ്റ്റ് മെക്കാനിസം മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. എന്നാൽ വിതരണതൊഴിലാളികൾക്കുള്ള ആഴ്ചാവസാനം ലഭിക്കുന്ന ഇൻസെന്റീവും മാനദണ്ഢങ്ങളും പഴയതുപോലെ തുടരും. വനിതാ വിതരണക്കാർക്ക് രാത്രികാല ഭക്ഷ്യവിതരണം നിർബന്ധമല്ലെന്നും ചർച്ചയിൽ വ്യക്തമാക്കി. മൂന്നു മാസങ്ങൾക്ക് ശേഷം മൈ ഷിഫ്റ്റ് മെക്കാനിസം നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ വകുപ്പ് മാനേജ്‌മെന്റ് തൊഴിലാളി പ്രതിനിധികൾ ചേർന്ന് വിശകലനം നടത്തി അന്തിമ തീരുമാനത്തിലെത്തും. ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയും വിശദീകരണം കേൾക്കുകയും വേണമെന്നും ഒത്തു തീർപ്പു ചർച്ചയിൽ തീരുമാനിച്ചു.