Friendly budget

പൊതു വിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലിനും പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടത്. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി വർധിപ്പിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞതവണ ഇത് 25 കോടി രൂപയായിരുന്നു.

ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കുള്ള നീക്കിയിരിപ്പ് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് ആവുന്നതാണ്. ഓട്ടിസം പാർക്കിനായി 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയാണ് ഒരു വർഷം സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ ചെലവിടുന്നത്. മൊത്തത്തിൽ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ ധാരയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിയിരിക്കുന്നത്.

തൊഴിൽ സൗഹൃദ ബജറ്റ്

തൊഴിലും തൊഴിലാളി ക്ഷേമവും മേഖലയ്ക്കായി 504.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി പദ്ധതിക്കായി 1.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ വകയിരുത്തി.

അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികൾക്ക് ആശ്വാസനിധി, അവശത അനുഭവിക്കുന്ന മരം കയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി, പ്രസവാനുകൂല്യം എന്നീ ഘടകങ്ങൾക്കായി 8 കോടി രൂപ നീക്കിവെച്ചു.

പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, ഖാദി,മുള,ചൂരൽ,മത്സ്യബന്ധനവും സംസ്കരണവും,കശുവണ്ടി, കയർ, തഴപ്പായ,കരകൗശല നിർമ്മാണം മുതലായവയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ നാലു കോടി രൂപ അധികമാണ്.

കേരള അക്കാദമി ഫോർ സ്കിൽസ് & എക്സലൻസിന്റെ വിവിധ പദ്ധതികൾക്കായി 37 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഐടിഐ കളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി 30.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിവിധ പദ്ധതികൾക്കായി വ്യാവസായിക പരിശീലന വകുപ്പിന് 108.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2023 – 24 ൽ കാസർഗോഡ്, കണ്ണൂർ,വയനാട്, മലപ്പുറം, ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ പുതിയ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കും.

ഫാക്ടറിസ് & ബോയിലെഴ്സ് വകുപ്പിന് 5.30 കോടി രൂപ വകയിരുത്തി. കണ്ണൂർ പോസ്റ്റ് ഗ്രാജുവേറ്റ് & റിസർച്ച് സെന്റർ ഇൻ ഫയർ & സേഫ്റ്റി സയൻസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൊത്തത്തിൽ തൊഴിൽ ക്ഷേമം മുൻ നിർത്തിയുള്ളതാണ് ബജറ്റ്.