Kerala ensures guest workers welfare

അതിഥി തൊഴിലാളികൾക്കും ഉറപ്പാണ് ക്ഷേമം; 5,16,320 ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ, 493 ആലയ് വസതികൾ, 740 പേർക്ക് ഹോസ്റ്റൽ
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിയുള്ള വികസന ദൗത്യങ്ങളുടെ പാതയിലാണ് കേരളം . ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി 5,16,320 തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ്സ് കാർഡുകൾ, ആലയ് പദ്ധതി പ്രകാരം 493 വസതികൾ, മിതമായ നിരക്കിൽ വാസസ്ഥലങ്ങൾ നൽകുന്നതിനായി ആരംഭിച്ച അപ്നാഘർ പദ്ധതിയിലൂടെ 740 പേർക്ക് ഹോസ്റ്റൽ സൗകര്യം, ഓൺലൈൻ രജിസ്‌ട്രേഷനായി ‘ഗസ്റ്റ് ആപ്പ്’ തുടങ്ങിയ അടിസ്ഥാന വികസന- ആരോഗ്യക്ഷേമ പദ്ധതികളിലൂടെ അതിഥി തൊഴിലാളികൾക്ക് അനിയോജ്യമായ തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നത്

വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 31.5 ലക്ഷമാണ്. കേരളത്തിന്റെ വികസന സാമ്പത്തിക കൈമാറ്റ പ്രക്രിയയിൽ സാരമായ പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കായി രൂപീകരിച്ച ക്ഷേമ ബോർഡിൽ നിലവിൽ 1,60,000 ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അപ്നാഘർ

കുടിയേറ്റ തൊഴിലാളികൾക്ക് മിതമായ നിരക്കിൽ വാസസ്ഥലങ്ങൾ നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് അപ്നാഘർ. കേരളത്തിൽ ജോലി ചെയ്യുമ്പോൾ തൊഴലാളികൾക്ക് വാടകക്ക് മിതമായ നിരക്കിൽ നിലവാരമുള്ള, ശുചിത്വമുള്ള, സുരക്ഷിത വാസസ്ഥലങ്ങൾ നൽകുന്നതാണ് പദ്ധതി.

പങ്കിട്ട് ഉപയോഗിക്കാവുന്ന മുറികൾ, ഒന്നിലധികം അടുക്കളകൾ, മെസ് ഏരിയകൾ, കുളിമുറി, ടോയ്‌ലറ്റുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹോസ്റ്റലുകളിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്, മഴവെള്ള സംഭരണം, ഡീസൽ ജനറേറ്റർ ബാക്കപ്പ്, സിസിടിവി സംവിധാനങ്ങൾ ഉണ്ട്. അപ്നാഘർ, പാലക്കാട് പദ്ധതിയിൽ 620 കിടക്കകളുള്ള ഹോസ്റ്റൽ സൗകര്യം സജ്ജമാണ്. അപ്നാഘർ, കിനാലൂർ പദ്ധതിയിൽ 120 കിടക്കകളുള്ള ഹോസ്റ്റലും പൂർത്തിയായി.

തൊഴിലാളി സൗഹൃദ വസതി- ആലയ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ആലയ്. പദ്ധതി പ്രകാരം തൊഴിലാളികൾക്ക് വീടുകൾ നൽകാൻ തയാറുള്ള ഉടമകൾ തൊഴിൽവകുപ്പിൽ രജിസ്റ്റർ ചെയ്യുകയും തൊഴിലാളികൾക്ക് താമസിക്കാൻ ലഭ്യമാക്കുകയും ചെയ്യും. 2022 ഒക്ടോബർ വരെ 493 കെട്ടിടങ്ങൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരോഗ്യ ഇൻഷുറൻസ് (AAWAZ)

തൊഴിലാളികൾക്ക്, ഹെൽത്ത് കം ഡെത്ത് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചട്ടുണ്ട്. ഇതനുസരിച്ച് ഇൻഷുർ ചെയ്ത വ്യക്തിക്ക് 25,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസും 2.00 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ക്ലെയിമും ലഭിക്കും. 5,16,320 അതിഥി
തൊഴിലാളികൾ ഈ പദ്ധതി പ്രകാരം രജിസ്ട്രേഷൻ കാർഡ് എടുത്തിട്ടുണ്ട്. ഇതിൽ 2022 ഒക്ടോബർ വരെ 374 പേർക്ക് ചികിത്സ ആനുകൂല്യങ്ങളും 29 തൊഴിലാളികളുടെ ആശ്രിതർക്ക് അപകട മരണ സഹായവും നൽകി.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി ‘ഗസ്റ്റ് ആപ്പ്’

ഇതര സംസ്ഥാന തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് വേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡ് വികസിപ്പിച്ച മൊബൈൽ ആപ്പ്ലിക്കേഷനാണ് ഗസ്റ്റ് ആപ്പ്. ടെർമിനൽ ബെനഫിറ്റ്സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ പദ്ധതിയിൽ അംഗമായാൽ ലഭിക്കും. ബോർഡിലെ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ ഐഡി കാർഡ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന സംവിധാനവും ലഭ്യമാണ്. യോഗ്യരായ എല്ലാ കുടിയേറ്റ തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ ലക്‌ഷ്യം.