Education Department launches After-Twelfth Career Guidance Program

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു പകരാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർ പഠന സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ലഭ്യമായ മുഴുവൻ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രോഗ്രാമാണിത്. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്ക് മെയ് 26 ന് രാവിലെ 10 മുതൽ 1 മണിവരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച കരിയർ ഗൈഡായിട്ടുള്ള അധ്യാപകരാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോയുടെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.