A special course for ayams has been started under the Department of Public Education

ആയമാർക്കുള്ള പ്രത്യേക കോഴ്സിന് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻറ് ലൈഫ് ലോങ് എജ്യുക്കേഷൻ-കേരള (സ്കോൾ-കേരള), പ്രീസ്കൂൾ മേഖലയിൽ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാർത്തെടുക്കുന്നതിനായി ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻറ് പ്രീസ്കൂൾ മാനേജ്മെൻറ് എന്ന പുതിയ കോഴ്സിന് തുടക്കമായി.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാറിൻറെ നാലാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള പ്രീസ്കൂളുകൾ, അങ്കണവാടികൾ, ക്രഷുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച ശിശുപരിപാലകരുടെ സേവനം നിലവിലില്ല. പ്രസ്തുത സാഹചര്യത്തിൽ ശിശുപരിപാലക തസ്തികയിൽ സേവനം നൽകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാൻ കഴിയും വിധമാണ് ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻറ് പ്രീസ്കൂൾ മാനേജ്മെൻറ് എന്ന കോഴ്സ് സ്കോൾ-കേരളയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി വിജയിച്ചവർക്കും നിലവിൽ ആയമാരായി ജോലി ചെയ്യുന്നവർക്കും ഈ കോഴ്സിൽ പ്രവേശനം ലഭ്യമാക്കും.