ഉച്ചഭക്ഷണ പദ്ധതിയിൽ സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി. ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഡിസംബർ മാസത്തെ കുടിശികയുള്ള ഓണറേറിയവും ജനുവരി മാസത്തേക്ക് ഒരു ഗഡു ഓണറേറിയമായി 8000 രൂപ വീതവും വിതരണം ചെയ്യുന്നതിനും സ്കൂളുകൾക്ക് ഡിസംബർ മാസത്തെ മെറ്റീരിയൽ കോസ്റ്റ് വിതരണം ചെയ്യുന്നതിനുമായി പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതത്തിൽ നിന്ന് 55.05 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. മാർച്ച് 16 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ലഭ്യമായ ഈ തുകയാണ് സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും വിതരണം ചെയ്ത് തുടങ്ങിയത്.
പദ്ധതിയ്ക്കുള്ള രണ്ടാം ഗഡുവിന്റെ കേന്ദ്രവിഹിതം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആയത് ലഭ്യമായാൽ സ്കൂളുകൾക്കുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റും പാചകത്തൊഴിലാളികൾക്കുള്ള ജനുവരി മാസത്തെ ബാലൻസ് ഓണറേറിയവും ഫെബ്രുവരി മാസത്തെ പൂർണ്ണ ഓണറേറിയവും വിതരണം ചെയ്യുന്നതാണ്.