എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ ഏറ്റെടുത്തു എന്ന വാദം തെറ്റ്;സുപ്രീംകോടതി നിർദേശപ്രകാരം ശുപാർശ സമിതികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വി ശിവൻകുട്ടി

എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ ഏറ്റെടുത്തു എന്ന വാദം തെറ്റാണെനും സുപ്രീംകോടതി നിർദേശപ്രകാരം ശുപാർശ സമിതികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിച്ചു കൊണ്ട് സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്ന ശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമന നടപടികൾ താമസംവിനാ പൂർത്തിയാക്കുന്നതിനും, ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ നിയമിക്കുന്നതിനായുള്ള ഒഴിവുള്ള പക്ഷം പ്രൊവിഷണലായി നിയമിച്ച മറ്റു ജീവനക്കാരെ വിടുതൽ ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. എയ്‌ഡഡ് സ്കൂളുകളിൽ നിയമിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു സംസ്ഥാനതല സമിതി രൂപീകരിക്കുന്നതിനും, സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുവാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും സർക്കാരിന് നിർദേശം നൽകി. സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുകയും സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കുവാൻ സുപ്രീംകോടതി അനുമതി നൽകുകയും എന്നാൽ സർക്കാർ ശുപാർശകൾ അന്തിമമാക്കുന്നത് കോടതി അനുമതിയോടെ മാത്രമായിരിക്കും എന്നും ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ ഉത്തരവുകൾ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കുന്നതിനായി ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട് നിയമനത്തിന് ശുപാർശ ചെയ്യുന്നതിനായി, കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി സമിതികൾ രൂപീകരിച്ചും ചുമതലകൾ നിശ്ചയിച്ചും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

i) സംസ്ഥാനതല സമിതി

a) പൊതു വിദ്യാഭ്യാസ ഡയറക്ടർ – ചെയർമാൻ

b) പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ)- കൺവീനർ.

അംഗങ്ങൾ

a) സീനിയർ ലോ ഓഫീസർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

b) സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

c) സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

(ഹയർ സെക്കന്ററി വിഭാഗം)

d) അഡിഷണൽ ഡയറക്ടർ /ജോയിന്റ് ഡയറക്ടർ, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്.

e) ജോയിന്റ് ഡയറക്ടർ, ഹയർ സെക്കന്ററി വിഭാഗം.

f) ഡെപ്യൂട്ടി ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം.

g) ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പ്.

ചുമതലകളും ഉത്തരവാദിത്തങ്ങളും

സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമന നടപടികളുടെ അവലോകനം നടത്തുക.

നിയമന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക.

നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട വിഷയങ്ങൾ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി സർക്കാരിന് റിപ്പോർട്ട് ചെയ്യുക.

ജില്ലാതല സമിതികൾക്ക് ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക.

ജില്ലാതല സമിതിയുടെ നടപടികളിന്മേലുള്ള അപ്പീലുകൾ തീർപ്പാക്കുക.

ii) ജില്ലാതല സമിതികൾ

1. പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക്

a) വിദ്യാഭ്യാസ ഉപ ഡയറക്ടർ

കൺവീനർ

b) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
അംഗം

c) ബന്ധപ്പെട്ട ജില്ലാ/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ

2 . ഹയർ സെക്കൻ്ററി വിഭാഗം (2 ജില്ലകൾ വീതം)

a) റീജിയണൽ ഡയറക്ടർ, ഹയർ സെക്കൻ്ററി – കൺവീനർ

b) സർക്കാർ അംഗീകരിച്ച പാനലിൽ നിന്നും ഒരു ഗവണ്മെന്റ് നോമിനി അംഗം.

c) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അംഗം.

3 .വൊക്കേഷണൽ ഹയർ സെക്കൻ്ററി (2 ജില്ലകൾ വീതം)

a) അഡീഷണൽ ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കന്ററി – കൺവീനർ

b) സർക്കാർ അംഗീകരിച്ച പാനലിൽ നിന്നും ഒരു ഗവണ്മെന്റ് നോമിനി അംഗം.

c) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് – അംഗം

ചുമതലകളും ഉത്തരവാദിത്തങ്ങളും

സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്ന ശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് ജില്ലാ സ്പെഷ്യൽ എംപ്ളോ‌യ്മെ‌ൻ്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർത്ഥികളുടെ പട്ടിക ലഭ്യമാക്കി യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു റാങ്ക് ലിസ്റ്റ് തയാറാക്കി, പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും സമന്വയ പോർട്ടൽ മുഖേന ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ശിപാർശ ചെയ്യുക.
ഒഴിവുകൾ നികത്തുന്നതിനായി കൃത്യമായി തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കുക.
നിയമന പുരോഗതി സംസ്ഥാനതല സമിതിയ്ക്ക് യഥാസമയം റിപ്പോർട്ട് ചെയ്യുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

കോടതി ഉത്തരവുകളുടെയും സർക്കാർ മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരുടെ നിയമനത്തിനായി, മാനേജർമാർ തസ്തികകൾ മാറ്റി വെച്ചുകൊണ്ട് റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കേണ്ടതും, ഇപ്രകാരം നീക്കി വെച്ചിട്ടുള്ള ഒഴിവുകൾ സമയ ബന്ധിതമായി സമന്വയ പോർട്ടലിൽ അ‌പ്ലോഡ് ചെയ്യേണ്ടതുമാണ്.

ഭിന്നശേഷി നിയമനത്തിനായി വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അതാതു വിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ ഒരു യൂണിറ്റായി പരിഗണിക്കേണ്ടതാണ്.

എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിനായി മാനേജർമാർ മാറ്റി വെച്ചിട്ടുള്ള ഒഴിവുകൾ വ്യവസ്ഥാപിതമാണോ എന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതാണ്.

അതാത് വിഭാഗങ്ങളിൽ ഓരോ ജില്ലയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കിക്കൊണ്ട് ഒഴിവുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർ/റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ/അഡീഷണൽ ഡയറക്ടർമാർ സ്പെഷ്യൽ എംപ്ലോയ്മെൻ്റ് എക്സ്‌ചേയ്ഞ്ചുകളിൽ നിന്നും കാറ്റഗറി അടിസ്ഥാനത്തിൽ (പ്രൈമറി,സെക്കന്ററി.നോൺ ടീച്ചിംഗ്,ഹയർ സെക്കണ്ടറി സീനിയർ,ഹയർ സെക്കണ്ടറി ജൂനിയർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സീനിയർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ജൂനിയർ) യോഗ്യരായ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി തിരഞ്ഞെടുപ്പ് നടപടികൾ നടത്തേണ്ടതാണ്.

സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ നിയമിക്കുന്നതിനായി ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കേണ്ടതും ഒഴിവുകളിലേക്ക് നിയമനത്തിന് അർഹതയുള്ള ഉദ്യോഗാർത്ഥികളുടെ ജില്ല തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ റാങ്ക് പട്ടിക തയാറാക്കേണ്ടതുമാണ്.

റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ കഴിയുന്നത്ര സൗകര്യപ്രദമായി, ഏറ്റവും അടുത്തുള്ള സ്കൂളുകളിൽ നിയമനം നടത്തുന്നതിനായി, ജില്ലാതല സമിതികൾ സമന്വയ പോർട്ടൽ മുഖേന നിയമനത്തിനായി ശുപാർശ ചെയ്യേണ്ടതാണ്.

* ജില്ലാതല സമിതികൾ ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കേണ്ടത് എയ്‌ഡഡ് സ്കൂൾ മാനേജർമാരുടെ നിയമപരമായ ബാധ്യതയാണ്. ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, റാങ്ക് പട്ടികയിൽ നിന്നും അതേ വിഭാഗത്തിലെ അടുത്ത ഉദ്യോഗാർത്ഥിയെ ശുപാർശ ചെയ്യേണ്ടതാണ്.

ഇപ്രകാരം നിയമനങ്ങൾ നടത്തുമ്പോൾ, 2016 ലെ ആർ.പി.ഡബ്ല്യു.ഡി ആക്ടിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ, ഭിന്നശേഷി വിഭാഗങ്ങൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ നാല് ശതമാനം (4%) സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക്, നിയമന പ്രക്രിയ പുനരാരംഭിച്ചുകൊണ്ടു അവശേഷിക്കുന്ന നിയമനങ്ങൾ നടത്തി റോട്ടേഷൻ ക്രമം പൂർത്തീകരിക്കേണ്ടതാണ്. ബാക്ക്ലോഗ് നിയമനം പൂർത്തിയായിക്കഴിഞ്ഞാൽ, പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ പ്രതിമാസ അടിസ്ഥാനത്തിൽ വിലയിരുത്തുകയും അതനുസരിച്ച് നിയമന പ്രക്രിയ സുഗമമാക്കുന്നതിന് സമന്വയ പോർട്ടലിൽ അനുയോജ്യമായ ഒരു മൊഡ്യൂൾ തയ്യാറാക്കാൻ കൈറ്റിനെ ചുമതലപ്പെടുത്തി.

സമിതികളുടെ പ്രവർത്തനത്തിന് കൂടുതൽ വിശദമായ മാർഗ്ഗ നിർദേശങ്ങൾ സർക്കാർ ഉടൻ പുറപ്പെടുവിക്കും.