എല്ലാ ജില്ലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ
എല്ലാ ജില്ലകളിലും സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനം;ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരം പാപ്പനംകോട് ആരംഭിക്കും.
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ ബോർഡ് യോഗത്തിലാണ് തീരുമാനം. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ, ഗ്രാൻഡ്, നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ, നൈപുണ്യ പരിശീലനത്തിനായി വിവിധ മേഖലകളിൽ ലഭ്യമാക്കിയിട്ടുള്ള കോഴ്സുകൾ എന്നിങ്ങനെ പൊതുജനങ്ങൾക്ക് നൈപുണ്യ വികസനത്തെ സംബന്ധിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.
സംസ്ഥാനത്ത് നൈപുണ്യ വികസന പ്രക്രിയയിൽ സ്വകാര്യരംഗത്ത് നിന്നുള്ള മികച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അക്രഡിറ്റേഷൻ പോളിസിക്ക് ബോർഡ് അനുമതി നൽകി. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്ക് KASE- ന്റെ ബോർഡ് അംഗീകാരം നൽകി.