എസ്.എസ്.എല്‍.സി,ഹയർസെക്കണ്ടറി പരീക്ഷാ മൂല്യനിർണയം വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു
എസ്.എസ്.എല്‍.സി,ഹയർസെക്കണ്ടറി പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങൾ തകൃതിയായി മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി സ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 3 ന് ആരംഭിച്ച ആദ്യഘട്ടം ഏപ്രില്‍ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും. സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി 952 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 8975 എക്സാമിനര്‍മാരെയും മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിനു ശേഷം ഓണ്‍ലൈന്‍ ആയി മാര്‍ക്ക് എന്‍ട്രി നടത്തുന്നതിന് 144 ഐ.റ്റി മാനേജര്‍മാരും 288 ഡാറ്റാ എന്‍ട്രി അധ്യാപകരും ഉള്‍പ്പെടെ ആകെ 720 പേരുടെ സേവനം മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
2025 മാർച്ചിലെ ഹയർസെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൾ വാല്വേഷൻ ക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്.
ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്കീം ഫൈനലൈസേഷൻ ഒന്നാം ഘട്ടം 14/03/2025 നും രണ്ടാം ഘട്ടം 02/04/2025 നും നടന്നു. 2025 മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം 57 വിവിധ വിഷയങ്ങൾക്ക് ആയി ഇരുപത്തി നാലായിരം (24000) അദ്ധ്യാപകരെ നിയമിച്ച് 89 ക്യാമ്പുകളിലായി പൂർത്തീകരിക്കും.2025 ഏപ്രിൽ 3-ന് ആരംഭിച്ച മൂല്യനിർണ്ണയം മെയ് 10-ന് അവസാനിപ്പിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയമാണ് ആദ്യം നടത്തുന്നത്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം വർഷ ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയം നടത്തും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം അവസാനിച്ച ശേഷം ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കുന്നതാണ്.
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് ഉത്തരകടലാസുകളുടെ എണ്ണം-669726 ആണ് (ആറ് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി ഇരുപത്തിയാറ്). രണ്ടാം വർഷ ഉത്തരകടലാസുകളുടെ എണ്ണം-2659449( ഇരുപത്തിയാറ് ലക്ഷത്തി അൻപത്തിഒൻപതിനായിരത്തി നാനൂറ്റി നാല്പത്തിയൊൻപത്) ആണ്.
ഒന്നാം വർഷ ഉത്തരകടലാസുകളുടെ എണ്ണം-2640437(ഇരുപത്തിയാറ് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി മുപ്പത്തിയേഴ് )ആണ്.
2025 മെയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി,ഹയർ സെക്കൻററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
March 2025 VHSE പൊതുപരീക്ഷ മൂല്യനിർണ്ണയം സംസ്ഥാനത്തെ 8 ക്യാമ്പുകളിലായി നടക്കുന്നു.2025 ഏപ്രിൽ 2,3 തീയതികളിലായി ED, മാനേജ്മെന്റ്, വൊക്കേഷണൽ വിഷയങ്ങളുടെ scheme finalization നടക്കുന്നു. നോൺവൊക്കേഷണൽ വിഷയങ്ങളുടെ scheme finalization March14,ഏപ്രിൽ 2 തീയതികളിൽ ഹയർസെക്കന്ററിയോടൊപ്പം നടന്നുകഴിഞ്ഞു.അതോടൊപ്പം തന്നെ ഏപ്രിൽ 3 ന് നോൺവൊക്കേഷണൽ വിഷയങ്ങളുടെ മൂല്യനിർണയം ആരംഭിച്ചിട്ടുണ്ട്. വൊക്കേഷണൽ വിഷയങ്ങളുടെ മൂല്യനിർണ്ണയം 7/4/2025 മുതൽ ആരംഭിക്കും. ഒന്നാംവർഷ improvement പരീക്ഷയുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിച്ചിരിക്കുന്നത്. ആയത് പൂർത്തിയാക്കുന്ന മുറയ്ക്ക് രണ്ടാംവർഷ വിഷയങ്ങളുടെ മൂല്യനിർണ്ണയവും ആരംഭിക്കും. മൂല്യനിർണ്ണയത്തിനായി 2400 ഓളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 20 ഓടുകൂടി improvement valuation പൂർത്തിയാക്കുവാനും 2025 മെയ് ആദ്യ വാരത്തോടെ രണ്ടാംവർഷ മൂല്യനിർണ്ണയവും പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാംവർഷം ഇമ്പ്രൂവ്മെന്റ് ഉൾപ്പടെ ആകെ 2,19,633 ഉത്തരക്കടലാസ്സുകളും, രണ്ടാംവർഷം 1,64,145 ഉത്തരക്കടലാസ്സുകളും മൂല്യനിർണ്ണയത്തിന് ഉണ്ട്. ഒന്നും രണ്ടും വർഷം ചേർത്ത് ആകെ 3,73,778 ഉത്തരക്കടലാസ്സുകളാണ് മൂല്യനിർണ്ണയം ചെയ്യുന്നത്. മൂല്യനിർണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.