കുട്ടികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി
ക്ലാസ് സമയത്ത് കുട്ടികൾക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവണ്മെന്റ് വി ആൻഡ് എച്ച് എസ് എസിൽ സംസ്ഥാനതലത്തിൽ നടപ്പാക്കി.
ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണം.ഈ നിർദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റിജിയണൽ ഡപ്യുട്ടി ഡയറക്ടർമാർ(ഹയർസെക്കണ്ടറി വിഭാഗം), അസിസ്റ്റന്റ്റ് ഡയറക്ടർമാർ(വി.എച്ച്.എസ്.ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദേശം നൽകേണ്ടതാണെന്ന സർക്കുലർ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.ഈ പദ്ധതിയോട് എല്ലാവരും സഹകരിക്കണം.