കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് 2023 ഏപ്രിൽ 1 മുതൽ 3 വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കും. നവകേരളസൃഷ്ടിക്കുവേണ്ടി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മറ്റ് മേഖലകളിൽ ഇതിനകം തന്നെ ഇത്തരത്തിലുള്ള വാർഷിക കോൺഫറൻസുകൾ (ഉദാ: കേരള സയൻസ് കോൺഗ്രസ്) നടക്കാറുണ്ട്. പക്ഷെ ഇതാദ്യമായാണ് വിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ നിലവാരത്തിൽ ഒരു കോൺഫറൻസിനു നാം തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം വിപണിയുടെ നിയന്ത്രണത്തിന് വിട്ടു നൽകി ജനാധിപത്യ സർക്കാരുകൾ പോലും വിദ്യാഭ്യാസ മേഖലയിൽ നിന്നും പിന്മാറുന്ന കാലത്താണ് കേരളം പ്രതീക്ഷയുടെ പച്ചതുരുത്തായി മാറുന്നത്. ഒന്നാം പിണറായി സർക്കാർ തുടക്കം കുറിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപയുടെ വികസനമാണ് സൂൾ വിദ്യാഭ്യാസ മേഖലയിൽ നടന്നു കഴിഞ്ഞിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി വിപുലമായ ജനകീയ ചർച്ചകളാണ് സംഘടിപ്പിച്ചത്. ഇതിൽ തന്നെ കുട്ടികളുടെ ചർച്ച ലോകശ്രദ്ധ നേടി. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം കുട്ടികൾ ചർച്ചകളിൽ നേരിട്ട് പങ്കാളികളായി.
ഗുണമേന്മാ വിദ്യാഭാസം എന്നത് കേവലമായി ചെറിയ സ്ഥലത്തെ ചർച്ചകളിൽ മാത്രം ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല മറിച്ച് ലോകത്ത് ആകമാനമുള്ള മികച്ച മാതൃകകളെ നമുക്ക് അറിയാനും നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നവ സ്വീകരിക്കാനും കഴിയണം. ഫിൻലന്റുമായി വിദ്യാഭ്യാസ ചർച്ചകൾ രണ്ട് ഘട്ടം പൂർത്തീകരിച്ച് കഴിഞ്ഞു. വൊക്കേഷണൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കൗൺസിലുമായും രണ്ട് വട്ടം ചർച്ചകൾ പൂർത്തിയാക്കി.
എല്ലാ നല്ല ആശങ്ങളേയും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉൾക്കൊള്ളിക്കാൻ കഴിയേണ്ടതുണ്ട്. ഇവിടെയാണ് കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സിന്റെ പ്രസക്തി.വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുവാനും പങ്കുവയ്ക്കാനുമുള്ള വേദി ഒരുക്കുക വഴി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതാണ്
പ്രാഥമികമായ ലക്ഷ്യം.
ഏപ്രിൽ 1-ാം തീയതി രാവിലെ 10.30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. എം.പി.മാർ, എം.എൽ.എ., മേയർ, മറ്റ്ജ നപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് നടക്കുന്ന ആദ്യ സെഷനിൽ കേരള വിദ്യാഭ്യാസം- ചരിത്രം, വർത്തമാനം, പുതിയ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ 1 ന് വൈകുന്നേരം നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാഥിതിയായിപങ്കെടുക്കും. ചടങ്ങിൽ ചീഫ് സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ.എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററാകും.
കർണ്ണാടക, തമിഴ്‌നാട് സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. രണ്ടാം ദിവസം രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം എന്ന വിഷയത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷൻ മുൻ വൈസ് ചാൻസിലർ ജെ.ബി. തിലക് മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് കേരളത്തിലെ പൊതുവിദ്യാഭാ പ്രവർത്തനങ്ങൾ വിവിധ ഏജൻസികളുടെ
ഡയറക്ടർമാർ അവതരിപ്പിക്കും. വൈകുന്നേരം 7 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി എന്ന പരിപാടിഅരങ്ങേറും.
ഏപ്രിൽ 3 ന് രാവിലെ ഫിൻലാന്റ് ഹെ സിങ്കി സർവ്വകലാശാലാ പ്രൊഫസർ ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഫിൻലാന്റ് വിദ്യാഭ്യാസ മാതൃകയെ സംബന്ധിച്ച സംവാദം ഉണ്ടാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭാസവകുപ്പ് മന്ത്രി അധ്യക്ഷനാവും. ഒമ്പത് സെഷനുകളിലേയും മികച്ച അക്കാദമിക പേപ്പറുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. വിവിധ സെഷനുകളിൽ വിദഗ്ദ്ധരായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതർ പങ്കെടുക്കും.മൂന്ന് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും. ഒമ്പത് സബ്തീമുകളിലായി നൂറ്റി എൺപത് പേപ്പറുകൾ അവതരിപ്പിക്കപ്പെടും.
കേരള പൊതുവിദ്യാഭാസ ചരിത്രത്തിൽ തന്നെ ഒരു നാഴികകല്ലായി മാറാൻ പോകുന്ന ഒന്നായിരിക്കും പ്രഥമ കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് എന്ന് നിസംശയം പറയുവാൻ കഴിയും.
നയരൂപീകരണ വിദഗ്ധർ, ഭരണകർത്താക്കൾ, ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ തല്പരർ തുടങ്ങിയവരാണ് കോൺഗ്രസ്സിൽ പങ്കെടുക്കുന്നത്. കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സിൽ മുന്നൂറ് പേർ പ്രതിനിധികളായി പങ്കെടുക്കുന്നു. 9 സബ്തീമുകളിൽ നൂറ്റി എൺപത് പേപ്പർ അവതരണങ്ങൾ മൂന്നു ദിവസങ്ങളിലായി
നടക്കുന്നു. സർവകലാശാല, കോളേജ് അധ്യാപകർ, സ്‌കൂൾ അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പേപ്പറുകൾ അവതരിപ്പിക്കുന്നു.
ഉദ്ദേശ്യങ്ങൾ
ഉന്നതവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുക.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ അവതരിപ്പിക്കുക.
വിദ്യാഭ്യാസ നയ രൂപീകരണത്തിന് സഹായകരമായ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക.
പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന ഗുണപരമായ ഇടപെടലുകളെ സംബന്ധിച്ച് പ്രചാരണം നടത്തുക. അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും നടപ്പാക്കുന്ന നൂതന ആശയങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുക.