Kerala School Sports Mela – Kochi'24 logo launch and lucky charm launch

കേരള സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും നിർവഹിച്ചു
മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു”*

കേരള സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും
നിർവഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” ആണ്.

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളിൽ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകൾ ഉള്ള കുട്ടികളേയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്.

മേളയിൽ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്.
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാൻ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

നവംബർ മാസം 4-ാം തീയതി മുതൽ 11-ാം തീയതിവരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ മാസം 4-ാം തീയതി വൈകുന്നേരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്. സമാപനം നവംബർ മാസം 11-ാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്നതാണ്.
എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്കൂളുകളിൽ കുട്ടികൾക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചുവരുന്നു.