കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് തയ്യാറായി
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കി.
സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാർഥികൾക്കും അധ്യാപകർക്കും, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സർക്കാർ ഓഫീസുകൾ, ഡി.ടി.പി സെന്ററുകൾ, പത്രസ്ഥാപനങ്ങൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. സ്‌കൂൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിലവിൽ ഉപയോഗിക്കുന്ന എക്‌സ് ഓർഗ് ജാലക സംവിധാനത്തിൽ നിന്ന് വിഭിന്നമായി വേലാന്റ് സംവിധാനം സജ്ജീകരിച്ചാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഈ വിദ്യാഭ്യാസ ഓ.എസ്. സ്യൂട്ടിൽ പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുന്ന ജി-കോമ്പ്രിസ്, ടക്‌സ്‌പെയിന്റ്, പിക്‌റ്റോബ്ലോക്‌സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്‌നി ടക്‌സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബർഓഫീസ് പാക്കേജ്, കളർപെയിന്റ്, സ്‌ക്രാച്ച്, ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. നിർമിതബുദ്ധി ഈ വർഷം മുതൽ ഏഴാം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിന്റെ ഭാഗമായ പശ്ചാത്തലത്തിൽ നിർമിതബുദ്ധി, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണകൾ നേടാനുള്ള ടൂളുകളും ഇതിലുണ്ട്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾക്കു പുറമെ ഇ-ബുക്ക് റീഡർ, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ, ലാടെക് എഡിറ്റർ, ഗ്രാഫിക്‌സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷൻ പാക്കേജുകൾ, സ്‌ക്രീൻ റിക്കോർഡിങ്-ബ്രോഡ് കാസ്റ്റർ ടൂളുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ഡാറ്റാബേസ് സർവറുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹയർസെക്കൻഡറി സ്‌കൂളുകൾക്കുള്ള കോഴ്‌സുകൾക്കും വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ എൻ.എസ്.ക്യൂ.എഫ് ജോബ് റോളുകൾക്കുള്ള സോഫ്റ്റ്‌വെയറുകൾക്കും ഉപയോഗിച്ചിരുന്ന ലൈസൻസ് അധിഷ്ഠിത സോഫ്റ്റ്‌വെയറുകൾക്ക് പകരം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തിയുള്ള ലാപ്‌ടോപുകൾ സ്‌കൂളുകളിൽ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം രണ്ട് ലക്ഷം കമ്പ്യൂട്ടറുകളിൽ നിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂളുകളിലെ കമ്പ്യൂട്ടറുകൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പരിശീലനം എല്ലാ സ്‌കൂൾ ഐ.ടി. കോർഡിനേറ്റർമാർക്കും നൽകുന്നമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വെബ്‌സൈറ്റിലെ (kite.kerala.gov.in) ഡൗൺലോഡ്സ് ലിങ്കിൽ നിന്നും ആഗസ്റ്റ് 23 മുതൽ ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.