ചുമട്ടു തൊഴിലാളികൾക്കുള്ള തിരിച്ചറിയിൽ കാർഡ് വിതരണം ചെയ്തു
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ പൂർണ്ണമായും ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതിയുടെ കീഴിൽ വരുത്തുന്നതിന്റെയും തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും പ്രവർത്തനം ആരംഭിച്ചു. നഗരസഭാ പരിധിയിലെ പത്ത് പ്രദേശങ്ങളിലെ പദ്ധതി വ്യാപനവും 125ൽപ്പരം തൊഴിലാളികൾക്ക് കാർഡ് വിതരണവുമാണ് നടന്നത്.
ഒരു പുത്തൻ തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് കോർപ്പറേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ചുമട്ടു തൊഴിലാളി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ തൊഴിലാളി വിഭാഗങ്ങളിൽ ഏറ്റവും പ്രബലമായ വിഭാഗമാണ് ചുമട്ടു തൊഴിലാളി വിഭാഗം. ചുമട്ടു തൊഴിലാളികൾ ട്രേഡ് യൂണിയനുകളുടെ നിരന്തരമായ പരിശ്രമത്തിന്റെയും ഇടപെടലിന്റെയും ഫലമായി സാമൂഹിക ഉത്തരവാദിത്തം നിർവ്വഹിച്ചുകൊണ്ട് തൊഴിൽ ചെയ്യുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
തൊഴിലാളികൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സമൂഹത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങളോടുമുള്ള അവരുടെ ഉത്തരവാദിത്തം വിസ്മരിക്കാൻ പാടില്ല. എന്നാൽ ഇടയ്ക്കിടെ ഉയർന്നു വരാറുള്ള നോക്കുകൂലി എന്ന ആക്ഷേപം ഒഴിവാക്കി ചുമട്ടു തൊഴിലാളികളെ ഒരു സാഹചര്യത്തിലും അപമാനിക്കാൻ ഇട വരുത്തുന്ന യാതൊന്നും തൊഴിലിന്റെ ഭാഗമായി ഉണ്ടാകാൻ പാടില്ല എന്ന ഉറച്ച നിലപാടിലേക്ക് തൊഴിലാളി സംഘടനകൾ എത്തിച്ചേരണം.
തിരുവനന്തപുരം ജില്ലയിൽ ക്ഷേമനിധി ബോർഡിന്റെ ഒരു സബ് സെന്റർ ചാലയിൽ ആരംഭിക്കുന്നതിനും ഒരു റീജിയണൽ ഓഫീസ് കേശവദാസപുരത്ത് ആരംഭിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചുമട്ടു തൊഴിലാളികളുടെ ക്ഷേമം നിലനിർത്തിക്കൊണ്ട് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് എത്രയും പെട്ടെന്ന് നിയമസഭയിൽ അവതരിപ്പിക്കും.