Committee to study improvement of quality of life of shrimp peeling workers

ചെമ്മീൻ പീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കുന്നതിനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിച്ചു. ലേബർ കമ്മിഷണർ, ഇ.എസ്.ഐ. ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിൽനിന്നുള്ള ഓരോ പ്രതിനിധികൾ എന്നിവർ അംഗങ്ങളായി രൂപീകരിക്കുന്ന സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും .

പീലിങ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കുന്നതിന് 2023 ഏപ്രിൽ 12ന് തൊഴിൽ വകുപ്പ് വിജ്ഞാപന പ്രകാരമുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ഒന്നാമത്തെ ഉപസമിതിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനകാലത്ത് മത്സ്യലഭ്യതക്കുറവ് മത്സ്യ സംസ്‌കരണ മേഖലയിൽ തൊഴിൽ നഷ്ടവും തൊഴിലാളുകളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മത്സ്യ സംസ്‌കരണശാലകൾ ഫാക്ടറീസ് വകുപ്പിന്റെ പരിധിയിൽ വരുന്നതാണ്. ഫാക്ടറീസ് വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പീലിങ് ഫാക്ടറികളിൽ ജോലി ചെയ്യന്ന സ്ത്രീ തൊഴിലാളികൾക്കു നിയമ പ്രകാരം ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളായ മൂത്രപ്പുര, ക്രഷ്, റെസ്റ്റ് റൂം, തൊഴിലാളികൾക്കാവശ്യമായ സ്വയംരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട്സ് എന്നിവ ലഭ്യമാക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്.

ചെമ്മീൻ പീലിങ് മേഖലയിൽ തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒക്യുപേഷണൽ റിസേർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽജന്യ രോഗ നിർണയ സർവേ നടത്തി ഫാക്ടറികളിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ശുപാർശകൾ നൽകിയിട്ടുണ്ട്.