തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായുള്ളവർക്ക് 5,12,07,394 രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്ത് തൊഴിൽ വകുപ്പ്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തത്.
വിവാഹ ധനസഹായമായി 534 പേർക്ക് 26,70,000 രൂപയും പ്രസവ ധനസഹായമായി 166 പേർക്ക് 3,32,000 രൂപയും ക്യാഷ് അവാർഡ് /സ്കോളർഷിപ്പ് ഇനത്തിൽ 107 പേർക്കായി 2,89,000 രൂപയും മരണാനന്തര ധനസഹായമായി 35 പേർക്ക് 15,82,660 രൂപയും റീഫണ്ട് ഇനത്തിൽ 128 പേർക്ക് 3,80,636 രൂപയും ചികിത്സാ ധനസഹായമായി 76 പേർക്ക് 9,60,000 രൂപയും ആനുകൂല്യം നൽകി.
റിട്ടയർമെന്റ് ആനുകൂല്യമായി 490 പേർക്ക് 33,93,098 രൂപ വിതരണം ചെയ്തു. പ്രത്യേക പ്രസവ ധനസഹായം ഒന്നാം ഘട്ടത്തിന്റെ വിതരണം 3200 പേർക്ക് 4,16,00,000 രൂപയും അനുവദിച്ചു. അങ്ങിനെ 4736 പേർക്ക് 5,12,07,394 രൂപയുടെ ധനസഹായമാണ്വി തരണം ചെയ്തത്.
ഒമ്പത് ലക്ഷത്തിലധികം അംഗങ്ങൾ ഈ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായും ഇ-ഓഫീസ് മുഖാന്തിരമാണ്. ആനുകൂല്യ വിതരണങ്ങളും ഓൺലൈൻ വഴി വളരെ സുതാര്യമായ രീതിയിലാണ് നടന്നു വരുന്നത്.
ബോർഡിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ബോർഡിന്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്ക് ആധുനിക രീതിയ്ക്ക് അനുസരിച്ച് പരിശീലനം നൽകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കുന്നതിന് ബോർഡ് മുൻകൈ എടുക്കേണ്ടതുണ്ട്.
സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓഫീസിൽ നേരിട്ട് ഹാജരാകാതെ തന്നെ ബോർഡിന്റെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ വഴി
പരാതികൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ കംപ്ലൈന്റ് പോർട്ടൽ സംവിധാനം ബോർഡ് നടപ്പാക്കിയത് ഏറെ അഭിനന്ദനാർഹമാണ്. മറ്റു ക്ഷേമനിധി ബോർഡുകൾക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്.
ക്ഷേമനിധി ബോർഡിൽ നിന്നും നൽകി വരുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച് പരാതികളുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബോർഡ് നിയമിച്ച സബ് കമ്മിറ്റി റിപ്പോർട്ട് സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. റിട്ടയർമെന്റ് ആനുകൂല്യം സംബന്ധിച്ച നിലവിലെ പരാതി സർക്കാർ ഗൗരവമായി പരിശോധിച്ച് തൊഴിലാളികൾക്ക് അനുകൂലമായ നടപടി സ്വികരിക്കും.