തൊഴിലാളികൾക്ക് ഓണക്കാലത്തെ ബോണസ്:തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി
തൊഴിലാളികൾക്ക് ഓണക്കാലത്ത് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്തെ ബോണസ്സുമായി ബന്ധപ്പെട്ട ഒരു മാർഗ്ഗനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കാറുണ്ട്.
ഇതിന്റെ നടപടികൾ നടന്നു വരികയാണ്.
ഈ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ബോണസ്സ് നിശ്ചയിക്കുന്നത്. കയർ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ബോണസ്സ് നിശ്ചയിക്കുന്നത് അതാത് വ്യവസായ ബന്ധ സമിതികൾ യോഗം ചേർന്നാണ്. ഈ യോഗം അടിയന്തിരമായി ചേർന്ന് ബോണസ്സ് നിശ്ചയിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബോണസ്സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ സമവായത്തിൽ എത്തിക്കാൻ കഴിയേണ്ടതുണ്ട്. ഈ ഓണക്കാലത്ത് തൊഴിൽ തർക്കങ്ങൾ പരമാവധി ഒഴിവാക്കി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് തൊഴിലാളി തൊഴിലുടമാ ബന്ധം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന് ട്രേഡ് യൂണിയനുകളുടെ പൂർണ്ണമായ സഹകരണം ഉണ്ടാകണം.
ബോണസ്സ് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോണസ്സ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ്സ് ലഭിക്കുന്നുണ്ട് എന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതാണ്. ബോണസ്സ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി ചർച്ച ക്രമീകരിച്ച് പരിഹാരം കാണണം. ബോണസ്സ് തർക്കങ്ങൾ ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരമാവധി മൂന്ന് ചർച്ചകൾ രണ്ട് ദിവസത്തെ ഇടവേളകൾ മാത്രം നൽകി പരിഹാരം കാണേണ്ടതാണ്. ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരിഹാരം കാണാൻ കഴിയാത്തവ റീജിയണൽ ലേബർ കമ്മീഷണർക്ക് നൽകേണ്ടതും റീജിയണൽ ലേബർ കമ്മീഷണർക്ക് പരിഹാരം കാണാൻ കഴിയാത്തവ ലേബർ കമ്മീഷണർക്ക് കൈമാറേണ്ടതുമാണ്. ബോണസ്സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കൈക്കൊള്ളുന്ന നടപടികൾ അപ്പപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
കഴിഞ്ഞ വർഷം ആകെ മുന്നൂറ്റി എൺപത്തിയൊമ്പത് ബോണസ്സ് തർക്കങ്ങൾ ലഭിക്കുകയും മുന്നൂറ്റി ഇരുപത്തിയൊമ്പത് തർക്കങ്ങൾ ജില്ലാ ലേബർ ഓഫീസ് തലത്തിലും മുപ്പത്തിയൊമ്പത് തർക്കങ്ങൾ റീജിയണൽ ലേബർ കമ്മീഷണർ തലത്തിലും ഇരുപത്തിയൊന്ന് തർക്കങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ തീർപ്പാക്കാനും സാധിച്ചു.ഇതിനു പുറമെ തൊഴിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ ആരോഗ്യവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ്സ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ആനുകൂല്യം എക്സ് ഗ്രേഷ്യാ, അതു പോലെ തന്നെ പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യം, ഈറ്റ, പനമ്പ് മേഖലകളിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം വഴി നൽകി വരുന്ന ആനുകൂല്യം, മരംകയറ്റ തൊഴിലാളികൾക്കുള്ള ആനുകൂല്യം എന്നിവയൊക്കെ സമയബന്ധിതമായി കൊടുത്തു തീർക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ലേബർ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ബോണസ് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തും. സംസ്ഥാനത്ത് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് കിട്ടേണ്ട നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെ 20,965 പരിശോധനകൾ നടത്തി. അതിൽ 720 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊണ്ടു.