Textbook revision: Class 10 textbooks to be provided to students before the completion of Class 9 exams

പാഠപുസ്തക പരിഷ്‌ക്കരണം : 9-ാം ക്ലാസ് പരീക്ഷ കഴിയുന്നതിന് മുന്‍പ് 10-ാം ക്ലാസ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി, ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിന് മുൻപ് പത്താം ക്ലാസ് പാഠപുസ്തകങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് പത്താം ക്ലാസ് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയത്. ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യായന വർഷത്തെ പുസ്തകങ്ങൾ ലഭിക്കും. പുസ്തകങ്ങൾ നേരത്തെ ലഭിക്കുന്നതോടെ പരിഷ്കരിച്ച പത്താം ക്ലാസിലെ പാഠങ്ങൾ മനസിലാക്കാനും പഠനത്തിൽ കൂടുതൽ കാര്യക്ഷമതയും ശ്രദ്ധയും നേടാനും വിദ്യാർത്ഥികൾക്ക് സാധിക്കും.

സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി)യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കും.

ജനകീയ, വിദ്യാർത്ഥി ചർച്ചകളുടെ ഭാഗമായി നാല് മേഖലയിൽ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നത്. 2024 ൽ 1, 3, 5, 7, 9 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂർത്തീകരിച്ചു. 2025 ൽ 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. അതിൽ പത്താം ക്ലാസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അച്ചടി വേഗത്തിൽ പൂർത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

ഈ വർഷം പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കാൻ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവർത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ (കെ.ബി.പി.എസ്) നേതൃത്വത്തിൽ അച്ചടിക്കുന്നത്. പുസ്തകങ്ങൾ കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കും.

കേരളത്തിലെ പാഠപുസ്തക പരിഷ്കരണത്തിൻ്റെ പുതിയ ഘട്ടം, നൂതന പാഠ്യപദ്ധതികൾ മനസിലാക്കാനും സമഗ്രമായ പഠനാനുഭവങ്ങൾ ലഭിക്കാനുമായി വിദ്യാർത്ഥികളെ കൂടുതൽ പ്രാപ്തരാക്കും.