Curriculum revision-suggestions can be submitted online

പാഠ്യപദ്ധതിപരിഷ്കരണം:പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ടെക്പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ടെക്പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു. കേരളത്തിലുള്ളവർക്കും രാജ്യത്തിലാകെയും ഇന്ത്യയ്ക്ക് പുറത്തുള്ളവർക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) എസ്.സി.ഇ.ആർ.ടി-ക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം.

ടെക് പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികൾ, അധ്യാപകർ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങൾ തുടങ്ങിയവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ട്. വെബ്സൈറ്റിൽ മൊബൈൽ ഫോൺ നമ്പരോ ഇ-മെയിൽ വിലാസമോ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. 26 ഫോക്കസ് ഏരിയയിൽ ഓരോരുത്തർക്കും താല്പര്യമുള്ളവ തെരഞ്ഞെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാവുന്നതാണ്. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് നൽകിയിരിക്കുന്ന കമന്റ് ബോക്സിൽ നിർദേശങ്ങൾ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്താം. എഴുതി തയ്യാറാക്കിയ നിർദേശങ്ങൾ ഇമേജ്, പി.ഡി.എഫ്. ഫോർമാറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ ഉൾപ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതും കൂടുതൽ മേഖലകളിലെ‍ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഇതേ രീതി ആവർത്തിക്കേണ്ടതുമാണ്.

പൊതുജനങ്ങൾക്കുള്ള ലോഗിൻ കൂടാതെ ബ്ലോക്ക്, ജില്ലാതലങ്ങളിൽ നടത്തുന്ന ജനകീയ ചർച്ചകളിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുന്നതിന് പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമിൽ ഉണ്ട്. വ്യക്തികൾ, ബ്ലോക്ക്, ജില്ലാതലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നൽകുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സംസ്ഥാനതലത്തിൽ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിൻ സൗകര്യവുമുണ്ട്. കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദാംശങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുന്നതിനുള്ള രീതി, ഓരോ മേഖലയുടേയും പേര്, വിദ്യാഭ്യാസത്തിന്റെ ദർശനം തുടങ്ങിയവ രജിസ്റ്റർ ചെയ്യാതെ തന്നെ ഏതൊരാൾക്കും പോർട്ടലിലൂടെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണ്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസർ ഗൈഡും പോർട്ടലിലുണ്ട്.