പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തന നേട്ടങ്ങൾ
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി 2017-18 അക്കാദമിക വർഷത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർച്ചയായ വിദ്യാകിരണം പദ്ധതിയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടെ, കിഫ്ബി അടക്കം വിവിധ പദ്ധതികളുടെ ഭാഗമായും, 5000 കോടി രൂപക്ക് മീതെയുള്ള വികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത്.
1. അടിത്തറയ്ക്ക് ശക്തി – സ്‌കൂൾ അടിസ്ഥാനസൗകര്യ വികസനം
കിഫ്ബി വഴി 2,565 കോടി രൂപ നിക്ഷേപിച്ച് 973 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകുകയും അതിൽ 518 എണ്ണം പൂർത്തിയാക്കുകയും ചെയ്തു.
പ്ലാൻ, നബാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ച് സർക്കാരും എയിഡഡ് മേഖലയിലുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിച്ചു.
2. സാങ്കേതികവിദ്യ സംയോജനം – ഹൈടെക്ക് ക്ലാസ്സ്‌റൂം വിപ്ലവം
50,000 ത്തിൽ അധികം ക്ലാസ്സ്‌റൂമുകൾ ഹൈടെക്കാക്കി, ട്വിങ്കറിംഗ് ലാബുകൾ, റോബോട്ടിക് ലാബുകൾ തുടങ്ങിയവ സ്ഥാപിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമ്മിതബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം. കൈറ്റ് വിക്ടേഴ്സ് മുഖേന ഡിജിറ്റൽ പഠനം വിപുലപ്പെടുത്തി, യൂണിസെഫ് പോലും അംഗീകരിച്ച മാതൃകയായി ഇത്. നിയമപരവും സാങ്കേതികവുമായ സാധ്യതകൾ പരിശോധിച്ച് കൈറ്റ് വിക്ടേഴ്സിന് കീഴിൽ ഒരു പുതിയ അക്കാദമിക് ചാനൽ തുടങ്ങാനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും.
3. പാഠ്യപദ്ധതി പരിഷ്കരണം – പുതിയ തലമുറയ്ക്ക് പുതിയ പഠനമുറ
2014 ശേഷം ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കിയത്.
2024-25 വർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ ക്ലാസുകൾക്ക് നൽകിത്തുടങ്ങി; തുടർച്ചയായി 2025-26 ൽ ഇതിന്റെ തുടർച്ച നടപ്പാക്കും.
ഹയർ സെക്കണ്ടറിയിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാൻ ശില്പശാല ആരംഭിച്ചു. 2023-24 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി.
4. പഠന നിലവാരത്തിന്റെ ഉറപ്പ് – സബ്ജക്റ്റ് മിനിമം പദ്ധതി
2024-25 വർഷം 8-ാം ക്ലാസിലും,2025-26 ൽ ഒമ്പതാം ക്ലാസിലും 2026-27 മുതൽ 10-ാം ക്ലാസ്സിലുമുള്ള പൊതു പരീക്ഷകളിൽ സബ്ജക്റ്റ് മിനിമം നടപ്പിലാക്കുന്നു.
പ്രൊഫ. എം.എ. ഖാദർ കമ്മിറ്റിയുടെ ശുപാർശപ്രകാരം മികവിനായുള്ള വിദ്യാഭ്യാസം റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോർട്ടിന്റെ ഭാഗമായുള്ള ഏകീകരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്.
5. കുട്ടികൾക്കുള്ള സംരക്ഷണവും ആനുകൂല്യങ്ങളും
പാഠപുസ്തകങ്ങളും യൂണിഫോമും അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി വിതരണം ചെയ്യും.
കേരളം ഉച്ചഭക്ഷണ പദ്ധതിയിൽ ദേശീയ തലത്തിൽ തന്നെ ഉന്നത മാതൃകയാണ്.
ഹെൽത്ത് കാർഡ് പദ്ധതി അന്തിമഘട്ടത്തിൽ, കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് സ്കൂൾ തലത്തിൽ ആരോഗ്യവകുപ്പുമായി ചേർന്നുള്ള ഒരു പുതിയ നിർണ്ണായക നീക്കമാണിത്.
6. സ്കൂൾ കായികമേളയും കലോത്സവവും – പുതിയ കാതലായ മാറ്റങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ കായികമേള കേരളം സംഘടിപ്പിച്ചു – ഒളിമ്പിക് മാതൃകയിൽ.
ഇൻക്ലൂസീവ് സ്പോർട്സ് ആദ്യമായി സ്കൂൾ കായികമേളയിലൂടെ നടപ്പിലാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ ഇതിനെ പ്രകീർത്തിച്ചു.
സ്കൂൾ കലോത്സവ മാനുവൽ പുതുക്കി, ചരിത്രത്തിൽ ആദ്യമായി പരമ്പരാഗത തദ്ദേശീയ കലാരൂപങ്ങൾ കൂട്ടിച്ചേർത്തു.
7. വൊക്കേഷണൽ വിദ്യാഭ്യാസം – തൊഴിൽ സാധ്യതകളുടെ വിപുലീകരണം
714 വൊക്കേഷണൽ ഹയർ സെക്കണ്ടറി ലാബുകൾ ആധുനികവൽക്കരിച്ചു.
വി എച് എസ് ഇ കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്കായി തൊഴിൽമേളകൾ സംഘടിപ്പിച്ച് 4891 പേർക്ക് തൊഴിൽ ഉറപ്പാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കന്ററി തലം മുതലുളള വിദ്യാർത്ഥികൾക്കും , ഓപ്പൺ സ്കൂളിലുളള വിദ്യാർത്ഥികൾ, ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുളള തൊഴിൽ പരിശീലനം സാധ്യമാക്കുന്നതിനായി STARS (Strengthening Teaching Learning Results for States) പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ ആരംഭിച്ചിരിക്കുകയാണ്. 14 എണ്ണം നിലവിൽ വന്നു കഴിഞ്ഞു. ഇവിടെ നിന്നും കോഴ്സ് പാസ്സായ കുട്ടികളിൽ 40 ശതമാനം പേർക്ക് പ്ലേയ്സ്മെന്റ് ലഭിച്ചു കഴിഞ്ഞു. മൊത്തം 236 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
8. നിയമന പ്രവർത്തനങ്ങൾ – അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കൃത്യമായ അവസരങ്ങൾ
2017 മുതൽ 2024 വരെ 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ നടന്നു.
PSC മുഖേന നടത്തിയ നിയമനങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഖ്യ കേരളത്തിന്റേത്.
സർക്കാർ, എയിഡഡ് മേഖലകളിൽ നിയമന അനുമതി സംബന്ധിച്ച സോഫ്റ്റ് വെയർ നവീകരണം അന്തിമഘട്ടത്തിൽ.
9. പരീക്ഷാ സുതാര്യമാക്കൽ – വിദ്യാർത്ഥികൾക്ക് കൂടുതല്‍ സൗകര്യങ്ങൾ
ഹയർ സെക്കണ്ടറി പരീക്ഷാ മാന്വൽ 16 വർഷത്തിന് ശേഷം പുതുക്കി.
എസ്.എസ്.എൽ.സി. മാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള കാലയളവ് മൂന്നുവർഷത്തിൽ നിന്ന് 3 മാസമായി ചുരുക്കി.
ഓൺലൈൻ ചോദ്യപേപ്പർ ശേഖരം, 2,500 ചോദ്യപേപ്പറുകളോടെ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി.
10. ദേശീയ-അന്തർദേശീയ തലത്തിൽ കേരളം – പൊതുവിദ്യാഭ്യാസത്തിന്റെ മാതൃക
കേന്ദ്രസർക്കാരിന്റെ വിവിധ സൂചികകളിൽ കേരളം ഒന്നാമതെത്തി, പൊതുവിദ്യാഭ്യാസ മികവിന് ദേശീയ അംഗീകാരം.
800 ൽ അധികം പ്രീ-പ്രൈമറി സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വർണ്ണക്കൂടാരം പദ്ധതി വഴി മാറ്റമുണ്ടായി.
മാതൃകാപരമായ പാഠപുസ്തക നിർമാണം, ജനകീയ ചർച്ചയിലൂടെ ഇത് സാധ്യമാക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇതാദ്യമായി വിദ്യാർത്ഥികളും ഭാഗഭാക്കായി.
പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റം സാധ്യമാക്കാൻ കഴിഞ്ഞത് സർക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവർ ചേർന്ന് കൈകോർത്തതിന്റെ ഫലമാണ്.
11. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടി
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ കുതിച്ചു ചാട്ടം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇതിന് അനുസൃതമായി അക്കാദമിക മികവും ഗുണനിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ആരംഭിച്ച പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി. ഇതിനായി സംസ്ഥാന ബജറ്റിൽ 37.80 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
12. അധ്യാപക പരിശീലനം
പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി അധ്യാപകരെയും പരിവർത്തിപ്പി ക്കേണ്ടതുണ്ട്. ഇതിനായി റസിഡൻഷ്യൽ അധ്യാപക പരിശീലന പരിപാടികൾ അടക്കം നടപ്പിലാക്കി വരുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നവാധ്യാപക പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
13. ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ്ഗ വകുപ്പിന്റെയും സഹകരണത്തോടെ ജനറൽ സ്കൂളിൽ പഠിക്കുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരവും പരീക്ഷാ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ട്.
14. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം
ഭിന്നശേഷി കുട്ടികൾക്ക് പരിചരണം നൽകുന്ന സ്ഥാപനങ്ങൾക്ക് ബജറ്റിൽ 62 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തെക്കാൾ പന്ത്രണ്ട് കോടി രൂപ കൂടുതലാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വ്യക്തിഗത പരിചരണം, പ്രായത്തിന് അനുസരിച്ചുള്ള പിന്തുണ, പ്രത്യേക അധ്യാപകരെ സജ്ജരാക്കാനും ശാക്തീകരിക്കാനുമുള്ള ആവശ്യമായ വിഭവങ്ങൾ നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം
15. മാതൃകാ വിദ്യാലയങ്ങൾ
പഠിതാക്കളുടെ സമഗ്രമായ ക്ഷേമം, അധ്യാപകരുടെ പ്രൊഫഷണലിസം വികസിപ്പക്കൽ, സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, പഠനത്തിന് അനുകൂലമായ പിന്തുണാ സംവിധാനം വികസിപ്പിക്കൽ തുടങ്ങിയവ മുൻനിർത്തിയാണ് മോഡൽ സ്കൂൾ പദ്ധതി ആരംഭിക്കുന്നത്. ഓരോ ജില്ലയിലും ഓരോ സ്കൂൾ എന്ന തരത്തിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
16. വിദ്യാഭ്യാസ ഏജൻസികളെ ശക്തിപ്പെടുത്തൽ
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തോളം ഏജൻസികളും നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാകിരണം മിഷനും പ്രവൃത്തിക്കുന്നുണ്ട്. ഇവയെ ശക്തിപ്പെടുത്തി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക.