പൊതുവിദ്യാലയങ്ങളിൽ 34.05 ലക്ഷം കുട്ടികൾ; ഈ വർഷം 2 മുതൽ 10 വരെ ക്ലാസുകളിൽ പുതുതായി വന്നത് 42059 കുട്ടികൾ
2023-24 അക്കാദമിക് വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണ്. ഇതിൽ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ ഈ വർഷം കുറഞ്ഞപ്പോൾ രണ്ട് മുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടിയത്.
പുതുതായി പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോൾ പുതുതായി 2 മുതൽ 10 വരെ 42,059 കുട്ടികൾ പുതുതായി ഈ വർഷം വന്നതായി കാണാം.
സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിൽ 2022-23-ൽ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർണയ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2023-24 -ലെ കുട്ടികളുടെ വിശദാംശങ്ങൾ (സ്കൂൾ തിരിച്ചുള്ള കണക്കുൾപ്പെടെ) സമേതം പോർട്ടലിൽ (sametham.kite.kerala.gov.in) ലഭ്യമാണ്.
കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം,എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56% (20,96,846) പേർ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.