നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്‌കൂൾ എജൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ 1 മുതൽ 3 വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ. വിദ്യാഭ്യാസ മേഖലയിലെ നൂതന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാനും പങ്കുവയ്ക്കാനുമുള്ള വേദി ഒരുക്കുക വഴി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതാണ് കോൺഗ്രസിന്റെ പ്രാഥമിക ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും. 9 സബ്തീമുകളിലായി 180 പേപ്പറുകൾ അവതരിപ്പിക്കപ്പെടും. ഉന്നതവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുക, പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ അവതരിപ്പിക്കുക, വിദ്യാഭ്യാസ നയ രൂപീകരണത്തിന് സഹായകരമായ നിർദേശങ്ങൾ ക്രോഡീകരിക്കുക, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന ഗുണപരമായ ഇടപെടലുകളെ സംബന്ധിച്ച് പ്രചാരണം നടത്തുക. അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും നടപ്പാക്കുന്ന നൂതന ആശയങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.