മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി;തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു
മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഫെബ്രുവരി 15 നു കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത് , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി കൂടിക്കാഴ്ച നടത്തി.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .