Best ESI Awards were distributed to institutions

മികച്ച ഇ.എസ്.ഐ. സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

2022ലെ മികച്ച ഇ.എസ്.ഐ. സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തൊഴിലാളി ക്ഷേമം മുൻനിർത്തി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനാണു സംസ്ഥാനത്തെ ഇൻഷ്വറൻസ് വകുപ്പും അതിനു കീഴിൽ ഇ.എസ്.ഐ. ആശുപത്രികളും ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമായിരുന്ന ഇ.എസ്.ഐ. ഇന്നു സംസ്ഥാനത്താകമാനം 10 ലക്ഷത്തിലധികം വരുന്ന ഇൻഷൂർ ചെയ്ത തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കളുടെ ക്ഷേമം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളായി മാറി. കോവിഡിനു ശേഷം എല്ലാ മേഖലകളെയും ബാധിച്ച സാമ്പത്തിക പ്രതിസന്ധി ഇ.എസ്.ഐ. വകുപ്പിനെയും ബാധിച്ചിരുന്നു. എന്നാൽ ഈ സർക്കാർ അധികാരമേറ്റ ശേഷം പേരൂർക്കട, വടവാതൂർ, ആലപ്പുഴ, എറണാകുളം, ഒളരിക്കര, ഫറോക്ക് എന്നീ ആറ് ആശുപത്രികളിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി. യൂണിറ്റുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 24 നഴ്‌സിംഗ് ഓഫീസർമാരെയും നിയമിച്ചു. മുളങ്കുന്നത്തുകാവിൽ ഡയാലിസിസ് യൂണിറ്റും ടെക്‌നീഷ്യൻമാരെയും നിയമിച്ചു. മൂന്നാറിൽ പുതിയ ഡിസ്‌പെൻസറിയും പുതിയ തസ്തികകളും കൊണ്ടു വന്നു.ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നത്.