മുമ്പിൽ മനുഷ്യർ ആണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണം;കെ എ എസ് ട്രെയിനികളോട് മന്ത്രി വി ശിവൻകുട്ടി
മുമ്പിൽ മനുഷ്യർ ആണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെ.എ.എസ് ട്രെയിനികൾക്കുള്ള ഓറിയന്റേഷൻ ക്ലാസിൽ “വകുപ്പിനെ അറിയുക ” എന്ന സെഷനിലെ ആദ്യ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.
വളരെ ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമാണ് നമുക്കുള്ളത്. ആകെയുള്ള കുടുംബങ്ങളിൽ 80 ശതമാനത്തിൽ കൂടുതൽ വീടുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ പൊതുവിദ്യാഭ്യാസ സംവിധാനം ബന്ധപ്പെട്ടുകിടക്കുന്നു. ശാസ്ത്രീയതയും മാനുഷികതയും ഒത്തുചേർന്നപ്പോൾ ആണ് കോവിഡ് കാലത്തും മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് ആയത്.
ദേശീയതലത്തിലെ മൊത്തം കണക്കെടുപ്പിൽ നാലിൽ ഒരു കുട്ടി സ്കൂളിൽ എത്തുന്നില്ല എന്ന് കാണാം. യു. എൻ. ഡി. പി.തയ്യാറാക്കിയ ഏറ്റവും അവസാനത്തെ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കുട്ടികളുടെ ശരാശരി സ്കൂളിങ് 6.5 വർഷമാണ്. ഒന്നാം ക്ലാസ്സിൽ ചേരുന്ന 47% കുട്ടികൾ പത്താം ക്ലാസ് ആവുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു.
കേരളത്തിൽ സ്കൂൾ പ്രായത്തിൽ എത്തുന്ന എല്ലാ കുട്ടികളും സ്കൂളുകളിൽ എൻട്രോൾ ചെയ്യുന്നുണ്ട്. സ്കൂളുകളിൽ എൻട്രോൾ ചെയ്യുന്ന ഏതാണ്ടെല്ലാവരും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നു. ദേശീയതലത്തിൽ അദ്ധ്യാപക നിയമനത്തിന് സ്കൂളാണ് യൂണിറ്റ് എങ്കിൽ കേരളത്തിലത് ക്ലാസ് ആണ്. ഓരോ ക്ലാസിലും പരിശീലനം സിദ്ധിച്ച ടീച്ചറെ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം .